Cinema

ഭർത്താവിന്റെ വിയോഗത്തിലും തളർന്നില്ല; 50ാം വയസ്സിലേക്ക് അടുക്കുമ്പോഴും ‘റാണി’യായി തുടരുന്ന മീന

മീന ഒരു അസാധാരണ നടിയല്ല. അതേ സമയം അവര്‍ ഒരു സാധാരണ നടിയുമല്ല. എന്താണ് ഈ പ്രസ്താവനയുടെ സാംഗത്യം എന്ന ചോദ്യം ഉയരാം. വലിയ റേഞ്ചുളള ഒരു അഭിനേത്രി എന്ന് മീനയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളൊന്നും മോശമായിട്ടില്ല. മിതത്വം നിറഞ്ഞ ഒരു ആക്ടിങ് പാറ്റേണ്‍ ആയിരുന്നു എക്കാലവും അവരുടേത്.

പ്രായത്തിന് തോല്‍പ്പിക്കാനാവാത്ത വിധം യുവത്വം നിലനിര്‍ത്തുന്ന മീനയുടെ മുഖത്ത് ഇന്നും ഒരു തരം കുട്ടിത്തമുണ്ട്. ഇപ്പോഴും സംസാരിക്കുന്നത് കൊച്ചുകുട്ടികളെ പോലെയാണ്. അത് അവരുടെ സഹജഭാവമാണ്. സ്വരമാണ്. അതുകൊണ്ട് തന്നെ അതിന് നൈസര്‍ഗികതയുടെ ഭംഗിയുണ്ട്. മീനയുടെ ഏറ്റവും വലിയ സവിശേഷതയായി വിലയിരുത്തപ്പെടുന്നത് അവര്‍ ഒരു ഭാഗ്യ നായികയാണ് എന്നത് തന്നെയാണ്.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അവര്‍ അഭിനയിച്ച വര്‍ണ്ണപ്പകിട്ട്, ദൃശ്യം, ദൃശ്യം, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, നാട്ടുരാജാവ്, ഉദയനാണ് താരം, ബ്രോ ഡാഡി…എന്നിങ്ങനെ എല്ലാ പടങ്ങളും ഹിറ്റാണ്. കൂടാതെ കഥ പറയുമ്പോള്‍, മമ്മൂട്ടിയുടെ രാക്ഷസരാജാവ്.. അടക്കമുളള സിനിമകളും ഹിറ്റ്. തമിഴില്‍ രജനീകാന്തിന്റെ മുത്തു മുതല്‍ കമല്‍ഹാസന്റെ അവ്വൈ ഷണ്‍മുഖി വരെ എല്ലാം മെഗാഹിറ്റുകള്‍. രാശിയുളള ഹീറോയിന്‍ എന്നൊരു വിശേഷണം തന്നെ അക്കാലത്ത് അവര്‍ക്ക് ലഭിച്ചിരുന്നു.

ഇക്കാലത്തും സ്ഥിതി വിഭിന്നമല്ല. പടത്തില്‍ മീനയുണ്ടെങ്കില്‍ മിനിമം ഗ്യാരണ്ടി എന്നതാണ് സ്ഥിതി. എന്താണ് ഇതിന്റെ മാജിക്ക് എന്ന് ആര്‍ക്കും അറിയില്ല. നയന്‍താരയെ പോലെയോ മഞ്ജു വാര്യരെ പോലെയോ തിയറ്ററുകളില്‍ ആളെ നിറയക്കാന്‍ കെല്‍പ്പുളള നടിയൊന്നുമല്ല മീന.

അവരെ കാണാനായി സിനിമയ്ക്ക് വരുന്നവരുടെ എണ്ണം അവരുടെ പ്രതാപകാലത്ത് പോലും പരിമിതമായിരുന്നു. എന്നാല്‍ അന്നും ഇന്നും മീനയുടെ സാന്നിധ്യം സിനിമയെ ഹിറ്റാക്കി മാറ്റും. അതൊരു ഐശ്വര്യമാണെന്നാണ് സിനിമാ രംഗത്തെ ഒരു മുതിര്‍ന്ന വ്യക്തി അഭിപ്രായപ്പെട്ടത്. അതിന്റെ യുക്തി എന്ത് തന്നെയാണെങ്കിലും അതൊരു യാാഥർഥ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button