Cinema

പുതിയ റിലീസുകളേക്കാള്‍ മുന്നില്‍? ബോക്സ് ഓഫീസിനെ വീണ്ടും ഞെട്ടിച്ച് ‘ബാഹുബലി’

ബാഹുബലി എന്നത് ഇന്ത്യന്‍ സിനിമാപ്രേമികളെ സംബന്ധിച്ച് വെറും ഒരു സിനിമയല്ല, മറിച്ച് ഒരു വികാരമാണ്. തെലുങ്ക് സിനിമയുടെ, ഒരര്‍ഥത്തില്‍ തെന്നിന്ത്യന്‍ സിനിമയുടെ തന്നെ തലവര മാറ്റിയ, ഇന്ത്യന്‍ സിനിമയെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച ഒരു എസ് എസ് രാജമൗലി ചിത്രം. ബാഹുബലിക്ക് മുന്‍പും ശേഷവുമെന്ന് തെലുങ്ക് സിനിമാ വ്യവസായത്തെ രണ്ടായി വിഭജിക്കാം.

ഇപ്പോഴിതാ ബാഹുബലി ആരാധകരെ ആഹ്ലാദിപ്പിച്ചുകൊണ്ട് രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ സിനിമയായി തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രാജമൗലിയുടെ തന്നെ മേല്‍നോട്ടത്തില്‍ റീ എഡിറ്റും റീമാസ്റ്ററിംഗും നടത്തി എത്തിയിരിക്കുന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഈ രണ്ടാം വരവില്‍ പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചോ? ബോക്സ് ഓഫീസിലെ പ്രതികരണം എങ്ങനെ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി എത്തിയപ്പോള്‍ 3.45 മണിക്കൂര്‍ ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഇത്രയും ദൈര്‍ഘ്യത്തില്‍ എത്തിയിട്ടും ബാഹുബലി കാണികളെ മുഷിപ്പിക്കുന്നില്ല എന്നതാണ് രാജമൗലിയുടെ മാജിക്. ആവേശം പകരുന്ന കാഴ്ചയാണ് ബാഹുബലി ദി എപിക് എന്ന് പറഞ്ഞുകൊണ്ടുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ വരുന്നുണ്ട്. കളക്ഷന്‍ നോക്കിയാല്‍ ഇന്ത്യയില്‍ ഇന്നലെ ഇറങ്ങിയ ഏത് പുതിയ ചിത്രം നേടിയതിനേക്കാള്‍ വലിയ ഓപണിംഗ് ബാഹുബലി ദി എപിക് നേടിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 10.4 കോടിയാണ്. ഇന്ത്യയിലെ ഗ്രോസ് 12.35 കോടി രൂപ. വിദേശത്തുനിന്ന് മറ്റൊരു 4 കോടി കൂടി. അതും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ ഓപണിംഗ് 16.35 കോടിയാണ്. ഒരു റീ റിലീസിനെ സംബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓപണിംഗ് ആണ് ഇത്.

ബാഹുബലി ആദ്യ ഭാഗം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായുള്ള റീ റിലീസ് ആണ് ഇത്. റീ റിലീസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു രാജമൗലി. അഞ്ചര മണിക്കൂറോളമുള്ള ഫൂട്ടേജിനെ, കഥപറച്ചിലിന്‍റെ ശക്തി ചോരാതെ പകുതിയായി ചുരുക്കുക എന്ന കഠിനമായ മിഷന്‍ ആയിരുന്നു രാജമൗലിയുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതില്‍ അദ്ദേഹം വിജയിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഐമാക്സ്, 4ഡിഎക്സ്, ഡി-ബോക്സ്, ഡോള്‍ബി സിനിമ, എപിക് എന്നിങ്ങനെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലൊക്കെ ചിത്രം എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button