55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ; വിമർശനവുമായി അഹാന കൃഷ്ണ

തിരുവനന്തപുരത്ത് വച്ച് നടന്ന 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ രംഗത്ത്. പുരസ്‌കാരത്തിന് അർഹരായ സ്ത്രീകളെ മുൻനിരയിൽ നിന്ന് ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയ രീതിക്കെതിരെയാണ് താരം സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചത്. ചടങ്ങിന്റെ വീഡിയോയും അഹാന പങ്കുവച്ചിരുന്നു.
പുരസ്‌കാരത്തിന് അർഹരായ സ്ത്രീകൾ എല്ലാവരും ഒന്നാം നിരയിൽ നിന്ന് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികതയാണോ എന്ന് അഹാന ചോദിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ജേതാക്കൾ മുൻനിരയിൽ ഇരിക്കാൻ യോഗ്യരാണെന്നും അവരെ പിന്നിലേക്ക് മാറ്റിയ നടപടി ശരിയല്ലെന്നും അഹാന കുറിച്ചു.’എല്ലാം ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു.
എന്നാൽ, ആ ദൃശ്യങ്ങൾ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല’- അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.



