അമ്മ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: അമ്മ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഉൾപ്പെടെ 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 12 പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരടക്കം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജഗദീഷും കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേത മേനോനുമാണ് മത്സര രംഗത്തുള്ളത്.