71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തെ പരിഗണിക്കാത്തതിൽ വിമർശനവുമായി; നടി ഉർവശി

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തെ പരിഗണിക്കാത്തതിൽ വിമർശനവുമായി നടി ഉർവശി. ക്രിസ്റ്റോടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെയാണ് ദേശീയ അവാർഡിൽ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകവുമായ സഹനവും കാണിക്കാൻ സമയവും പ്രയത്നവും നൽകി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. എമ്പുരാൻ കാരണമാണ് ഇതെന്ന് നമുക്കെല്ലാവർക്കും അറിയാം. അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുത്.എനിക്ക് സംസാരിക്കാൻ കഴിയും. കാരണം ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കുന്നില്ല. ഞാൻ നികുതി അടയ്ക്കുന്നു.
എനിക്ക് ഭയമില്ല. ഞാൻ ഇത് ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല. മറിച്ച്, എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടിയാണ്. അവാർഡ് കിട്ടിയപ്പോൾ ഉർവശി പോലും മിണ്ടാതെയിരുന്നു. പിന്നെ എന്തിനാണ് നിങ്ങൾ ബഹളം വയ്ക്കുന്നത് എന്ന് ആരും പറയാതിരിക്കാൻ വേണ്ടിയാണ്’- ഉർവശി വ്യക്തമാക്കി.ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ നേരത്തെയും ഉർവശി വിമർശനം ഉന്നയിച്ചിരുന്നു.
എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല എന്നും സഹനടനായി വിജയരാഘവനെയും സഹനടിയായി തന്നെയും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്നും ഉർവശി ചോദിച്ചു. ‘ഞങ്ങൾ തോന്നുന്നത് ചെയ്യും, നിങ്ങൾ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം അംഗീകരിക്കില്ല. ഇങ്ങനെയാണെങ്കിൽ അർഹിക്കുന്ന പലർക്കും കിട്ടില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ ഇത് പെൻഷൻ കാശല്ല.’ എന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി തുറന്നടിച്ചിരുന്നു.