അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, നടി ശ്വേത മേനോൻ

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കാേടതിയിൽ നൽകിയ ഹർജിയിൽ നടപടി. എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി കേസിലെ തുടർനടപടികൾ പൂർണമായും തടയുകയായിരുന്നു. എഫ് ഐ ആർ സ്റ്റേ ചെയ്യുകയും ചെയ്തു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. സിജെഎം കോടതിയിലെ മജിസ്ട്രേട്ടിൽ നിന്ന് റിപ്പോർട്ടും തേടിയിട്ടുണ്ട്.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിര പരാതിയിലുണ്ടായിരുന്നു. പരാതിയിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഈ പരാതിയിലെ അന്വേഷണം സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് തേടാതെയാണ് കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടത്.
ഇത് നിയമപ്രകാരമല്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.ഐടി വകുപ്പ് പ്രകാരവും അനാശാസ്യ നിരോധന നിയമപ്രകാരവും എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്.
രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. സിനിമാ രംഗത്തെ ചിലരാണ് പരാതിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.