ഷൂട്ടിനിടെ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി, ദേഷ്യം വന്നപ്പോൾ നല്ല തല്ലു കൊടുത്തു’ ദുരനുഭവം പങ്കുവച്ച് നടി സായ് ധൻഷിക

കേരളത്തിൽ സിനിമാ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി സായ് ധൻഷിക. ഒരാൾ മദ്യപിച്ചെത്തി ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോൾ കെയർടേക്കറെ തല്ലിയെന്നും താരം പറയുന്നു. അത് കണ്ട് ദേഷ്യം വന്നപ്പോൾ അയാൾക്ക് നല്ല തല്ലുകൊടുത്താണ് പറഞ്ഞുവിട്ടതെന്നും സായ് ധൻഷിക പറഞ്ഞു. തമിഴ് യൂട്യൂബ് ചാനലായ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ധൻഷിക ദുരനുഭവം പങ്കുവച്ചത്.
ഷൂട്ടിനിടെ ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എന്റെ കെയർ ടേക്കറിന് അടുത്തെത്തി. മദ്യപിച്ചെന്ന് മനസിലായതിനെ തുടർന്ന് അങ്കിൾ ആവശ്യം നിരസിച്ചു. അതിനയാൾ എന്റെ അങ്കിളിനെ അടിച്ചു. എന്നിട്ട് ഓടിപ്പോയി. ഞാൻ അത് കാണുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ അയാൾക്കൊപ്പം ഏഴ് പേരുണ്ടായിരുന്നു. നേരെ ചെന്ന് എന്റെ ദേഷ്യം തീരും വരെ അവരെ അടിച്ചു. പത്ത് മിനിറ്റോളം അത് തുടർന്നതിന് ശേഷം നോക്കുമ്പോൾ എന്റെ കൈ ഡയറക്‌ടർ തടുത്തിരിക്കുകയായിരുന്നു.
അന്ന് അത്രയ്‌ക്ക് ദേഷ്യം വന്നിരുന്നു. എന്റെ കൂടെ ഉള്ളവരെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ കഴിയില്ല’- സായ് ധൻഷിക പറഞ്ഞു. ദേഷ്യം വന്ന് ആരെയെങ്കിലും അടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ധൻഷികയുടെ മറുപടി.നടികർ സംഘം ബിൽഡിങ്ങ് പണി പൂർത്തിയാക്കിയാലുടൻ നടൻ വിശാലുമായി വിവാഹം ഉണ്ടാകുമെന്ന് സായ് ധൻഷിക പറഞ്ഞു. അഞ്ച് വർഷമായി വിഷാലിന്റെ സ്വപ്‌നമാണതെന്നും ആ സ്വപ്‌നത്തെ ആർക്കെങ്കിലും തടുക്കാനാകുമോയെന്നും ധൻഷിക ചോദിച്ചു.



