തനിക്കും മെസേജുകൾ അയച്ചെന്ന് വെളിപ്പെടുത്തി നടി റോഷ്‌ന; പ്രതികരണവുമായി നടൻ അജ്‌മൽ അമീർ

തനിക്കും മെസേജുകൾ അയച്ചെന്ന് വെളിപ്പെടുത്തി നടി റോഷ്‌ന ആൻ റോയി രംഗത്തെത്തിയതിൽ പരോക്ഷ പ്രതികരണവുമായി നടൻ അജ്‌മൽ അമീർ. അവർ പ്രശസ്‌തിക്കായി തന്റെ പേര് ഉപയോഗിക്കട്ടെയെന്നാണ് നടൻ കുറിച്ചത്. ഇൻസ്റ്റാഗ്രാമിൽ സ്വന്തം ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.
അവർ സംസാരിക്കട്ടെ, നിങ്ങളുടെ പേര് അവരുടെ പ്രശസ്തിക്കായി ഉപയോഗിക്കട്ടെ, നിങ്ങളെ അപമാനിക്കട്ടെ, നിങ്ങളെ ഒറ്റിക്കൊടുക്കട്ടെ, നിങ്ങളെ തകർക്കാൻ ശ്രമിക്കട്ടെ. എന്നിരുന്നാലും, ക്ഷമിക്കുക. കാരണം നിങ്ങളുടെ സമാധാനമാണ് നിങ്ങളുടെ ശക്തി. ശ്രദ്ധ ആകർഷിക്കാൻ അവർ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ ശക്തിയെ ആണ് വെളിപ്പെടുത്തുന്നത്. അവർ നൽകുന്ന ഓരോ മുറിവുകളും ജ്ഞാനമായി മാറുന്നു, ഓരോ അവസാനവും ഒരു പുതിയ തുടക്കമായി മാറുന്നു.
കൂടുതൽ ശക്തമായി, ബുദ്ധിയോടെ. തൊടാൻ ആകാത്തവിധം ഉയിർത്തെഴുന്നേൽക്കുക’- എന്നാണ് നടൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.അജ്മൽ തനിക്കയച്ച മെസേജുകൾ പങ്കുവച്ചുകൊണ്ട് നടി റോഷ്ന റോയിയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്” എന്നാണ് അജ്മൽ അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്.
‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസേജുകളാണ് നടിക്ക് അയച്ചത്.അജ്മൽ അമീറിന്റേതെന്ന പേരിൽ സെക്സ് വോയിസ് ചാറ്റ് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പെൺകുട്ടിയെ പുറത്തേക്ക് വിളിക്കുന്നതും താമസസൗകര്യങ്ങൾ ഒരുക്കാമെന്ന് പറയുന്നതുമൊക്കെ പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നു. ഇത് താനല്ലെന്നും എഐ ആണെന്നും വിശദീകരിച്ചുകൊണ്ട് പിന്നാലെ അജ്മൽ രംഗത്തെത്തുകയും ചെയ്തു.



