ഹൃദയപൂർവ്വം’ കാണാൻ മോഹൻലാലും സുചിത്രയും തിയേറ്ററിലെത്തി; ആർപ്പുവിളികളോടെ ആരാധകർ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വീണ്ടും ഒന്നിച്ച ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം ചിത്രം 3.35 കോടി നെറ്റ് കളക്ഷൻ ആദ്യദിനം നേടിയെന്നാണ് റിപ്പോർട്ട്. വിദേശത്തും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ‘ഹൃദയപൂർവ്വം’ സിനിമ കാണാൻ കാനഡ പ്രവിശ്യയിലെ ന്യൂ ബ്രൺസേവികിലെ എഎംസി തിയേറ്ററിലെത്തിയ മോഹൻലാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഭാര്യ സുചിത്ര മോഹൻലാലിനൊപ്പമാണ് നടൻ എത്തിയത്. ആർപ്പുവിളികളോടെയാണ് താരത്തെ ആരാധകർ തിയേറ്ററിലേക്ക് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാൽ – സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വത്തിൽ മാളവിക മോഹനനാണ് നായിക.
സംഗീത, ലാലുഅലക്സ്, ബാബുരാജ്, ശ്രീന്ദ, സംഗീത് പ്രതാപ്, സബിത ആനന്ദ് തുടങ്ങിയവരാണ് ‘ഹൃദയപൂർവം’ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മീര ജാസ്മിൻ, ബേസിൽ ജോസഫ് എന്നിവർ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടിപി സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. 2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ ആണ് മോഹൻലാൽ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.