സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ മോശം ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ മോശം ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് നടി കീര്‍ത്തി സുരേഷ്. ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ എ.ഐ ചെലുത്തുന്ന സ്വാധീനം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നാണ് നടിയുടെ പ്രതികരണം. കീര്‍ത്തിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാങ്കേതിക വിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനേക്കുറിച്ചുള്ള തന്റെ അഭിപ്രായവും നടി പങ്കുവച്ചു.
ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമ്പോള്‍ അതുണ്ടാക്കുന്ന മാനസികആഘാതത്തെക്കുറിച്ചും നടി മനസ്സ് തുറന്നു. സിനിമ മേഖലയിലെ താരങ്ങളെ മാത്രമല്ല മറിച്ച് സാധാരണക്കാരായ വ്യക്തികളേയും ബാധിക്കുന്ന പ്രശ്‌നമാണിതെന്ന് കീര്‍ത്തി സുരേഷ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാമെന്നും നടി അഭിപ്രായപ്പെട്ടു.
ചെന്നൈയില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് തന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് കീര്‍ത്തി സുരേഷ് സംസാരിച്ചത്. എഐ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. അതൊരു അനുഗ്രഹവും ശാപവുമാണ്. മനുഷ്യര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ചു, പക്ഷേ നമുക്ക് അതിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നും കീര്‍ത്തി തന്റെ അഭിപ്രായം വ്യക്തമാക്കി.
‘സമൂഹമാദ്ധ്യമങ്ങളില്‍, അനുചിതമായ വസ്ത്രം ധരിച്ചുള്ള എന്റെ ചിത്രം കാണുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകാറുണ്ട്. അത് യഥാര്‍ത്ഥമാണെന്ന് കാണുന്ന ആര്‍ക്കും തോന്നും. ഞാനാണോ അങ്ങനെയൊരു വസ്ത്രം ധരിച്ചതെന്ന് അത്ഭുതപ്പെട്ടുപോവും. അടുത്തിടെ, ഒരു സിനിമയുടെ പൂജയ്ക്ക് ഞാന്‍ ധരിച്ച വസ്ത്രം മറ്റൊരു ആംഗിളില്‍ നിന്ന് മോശമായ രീതിയില്‍ മാറ്റം വരുത്തിയിരുന്നു. ഒരു നിമിഷം ഞാന്‍ സംശയിച്ചുപോയി, പിന്നീടാണ് അത്തരമൊരു രീതിയില്‍ ഞാന്‍ പോസ് ചെയ്തിട്ടില്ലെന്ന് മനസ്സിലായത്. ഇത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത് തീര്‍ച്ചയായും വേദനാജനകമാണ്.’- കീര്‍ത്തി പറഞ്ഞു.



