നടി മരിച്ചത് ഏഴുമാസം ഗർഭിണിയായിരിക്കെ; വിമാനാപകടം കവർന്നത് സുഭാഷ് ചന്ദ്രബോസ് മുതൽ അജിത് പവാർ വരെയുള്ള പ്രമുഖരെ

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ (66) അപ്രതീക്ഷിത വിയോഗം രാജ്യത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുംബയിൽ നിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് അദ്ദേഹം സഞ്ചരിച്ച വിമാനം അപകടമുണ്ടായത്. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്‌തിരുന്ന മറ്റ് നാലുപേരും മരണപ്പെട്ടു. വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവെയായിരുന്നു അപകടം. ഇതിന് മുമ്പും ഇത്തരത്തിൽ നിരവധി പ്രമുഖ വ്യക്തികൾ വിമാനാപകടത്തിൽ മരിച്ചിട്ടുണ്ട്. ഇവർ ആരൊക്കെയെന്ന് പരിശോധിക്കാം.
വിജയ് രൂപാണി – 2025 ജൂൺ 12ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലാണ് വിജയ് രൂപാണി അന്തരിച്ചത്. 2016 മുതൽ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിലാണ് വിജയ് രൂപാണി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച എയർ ഇന്ത്യ വിമാനം അഗ്നിഗോളമായി മാറിയത്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ മറ്റെല്ലാവരും അന്ന് മരണത്തിന് കീഴടങ്ങി.
സൗന്ദര്യ – ഇന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുള്ള നടിയായിരുന്നു സൗന്ദര്യ. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ നടി അഭിനയിച്ചിട്ടുണ്ട്. 2004ൽ ബംഗളൂരുവിനടുത്തുവച്ചുണ്ടായ വിമാനാപകടത്തിലാണ് നടിക്ക് ജീവൻ നഷ്‌ടമായത്. മരിക്കുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു സൗന്ദര്യ. രാഷ്‌ട്രീയ പ്രചാരണത്തിനായി സഹോദരനോടൊപ്പം യാത്ര ചെയ്യവെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടിരുന്നു.
തരുണി സച്ച്‌ദേവ് – 50ലധികം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള തരുണി സിനിമാ മേഖലയിലെ ഏറ്റവും പ്രശസ്‌തയായ ബാലതാരങ്ങളിൽ ഒരാളായിരുന്നു. അഭിഷേക്, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിച്ച ‘പാ’ എന്ന സിനിമയ്‌ക്ക് ശേഷമാണ് തരുണി ശ്രദ്ധിക്കപ്പെട്ടത്. 2012 ൽ നേപ്പാളിലെ ജോംസം വിമാനത്താവളത്തിന് സമീപം ഉണ്ടായ അഗ്നി എയർ അപകടത്തിലാണ് തരുണി മരണപ്പെട്ടത്. അപകടത്തിൽ തരുണിയുടെ അമ്മയും മരണപ്പെട്ടു. തരുണി മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അവസാന ചിത്രമായ ‘വെട്രി സെൽവൻ’ പുറത്തിറങ്ങിയത്.
ഹോമി ഭാബ – ഇന്ത്യയുടെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ഹോമി ഭാബ. ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും ഇന്ത്യയെ ലോകത്തിലെ ഒരു പ്രധാന ആണവശക്തിയാക്കി മാറ്റുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1966 ജനുവരി 24ന് ഫ്രാൻസിലുണ്ടായ വിമാനാപകടത്തിലാണ് ഹോമി ഭാബ മരിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്ന 117പേരും അപകടത്തിൽ മരണപ്പെട്ടിരുന്നു.
സുഭാഷ് ചന്ദ്രബോസ് – ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സുഭാഷ് ചന്ദ്രബോസ്. ഇന്ത്യയുടെ സ്വാതന്ത്യസമരത്തിനായി പിന്തുണ ആവശ്യപ്പെട്ട് വിദേശസന്ദർശനം നടത്തുന്നതിനിടെയാണ് തായ്‌വാനിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചത്. എഞ്ചിൻ തകരാറായിരുന്നു അപകടത്തിന് കാരണം. അന്ന് അദ്ദേഹം മരിച്ചിട്ടില്ലെന്നും ഒളിവിൽപ്പോയതാണെന്നുമാണ് ചിലർ വിശ്വസിച്ചിരുന്നത്.



