സിനിമാ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജിന് ദാരുണാന്ത്യം

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് (52) എന്ന എസ് എം രാജുവിന് ദാരുണമരണം. പ്രമുഖ സംവിധായകൻ പാ.രഞ്ജിത്തിന്റെ ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ നാഗപട്ടണത്താണ് സംഭവം. കാഞ്ചിപുരം സ്വദേശിയാണ് മോഹൻ രാജ്.
പാ. രഞ്ജിത്തിന്റെ സിനിമാ നിർമാണ കമ്പനിയായ നീലം സ്റ്റുഡിയോസ് ആണ് വെട്ടുവം നിർമിക്കുന്നത്. ജൂലായ് പത്ത് മുതൽ വേളാങ്കണ്ണിക്ക് സമീപം വിലുതമവാടിയിൽ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആക്ഷൻ രംഗത്തിനിടെ മോഹൻരാജ് കാറിൽ നിന്ന് വീഴുകയായിരുന്നു.
പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നാഗപട്ടണം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങളുടെയും മോഹൻ രാജ് ബോധരഹിതനായതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കീലായൂർ പൊലീസ് കേസെടുത്തു.