നടന്‍ ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയറ്ററുകളെ ഇളക്കിമറിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ നടന്‍ ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭഭബ’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സാധാരണയായി സിനിമകള്‍ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ ആ പതിവ് തെറ്റിച്ച് വ്യാഴാഴ്ചയാണ് ‘ഭഭബ’ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ദിലീപിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ റിലീസ് ദിനം തന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ‘ഭഭബ’.
നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ചിത്രം പുറത്തിറങ്ങുന്നത്. എന്നാല്‍ കേവലമൊരു സിനിമാ പ്രമോഷനുമപ്പുറം വലിയ പ്രതിഷേധങ്ങള്‍ക്കും സിനിമ വഴിവച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം സിനിമ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ സജീവമാണ്.ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉന്നയിച്ച വിമര്‍ശനങ്ങളും ശ്രദ്ധ നേടിയിരുന്നു. കോടതി വിധി വന്ന ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതിലെ അനൗചിത്യത്തെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തിരുന്നു. ‘
സത്യം ജയിച്ചു എന്ന് പറയുന്നതിന് പകരം വിധിക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ടപ്പോഴും മറ്റൊരു നടിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ദിലീപ് ശ്രമിച്ചതെന്നും താരത്തിന്റെ വില്ലത്തരം അവസാനിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.കോടതി വിധിക്കു പിന്നാലെ അതിജീവിത തകര്‍ന്നുപോയെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ഭാഗ്യലക്ഷ്മി തള്ളുകയാണ് ഉണ്ടായത്. അവള്‍ ഒരു ഇഞ്ച് പോലും തളര്‍ന്നിട്ടില്ലെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അതിജീവിത പങ്കുവച്ച കുറിപ്പ് ഡിസംബര്‍ എട്ട് മുതല്‍ തയ്യാറാക്കിയതാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. പി ആര്‍ വര്‍ക്കുകള്‍ കൊണ്ടോ ക്വട്ടേഷന്‍ നല്‍കിയതുകൊണ്ടോ നടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.



