അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയെന്നത് തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്ന്; നടൻ ദേവൻ

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയെന്നത് തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്ന് നടൻ ദേവൻ. പ്രത്യേക സാഹചര്യമുണ്ടായതിനാലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ഞങ്ങളുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാൽ ആ സ്‌റ്റേജിൽ വച്ച് ഞാൻ ഇനി ഇല്ലെന്ന് അനൗൺസ് ചെയ്തു. അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ലാലേട്ടൻ പോകരുത്, വി നീഡ് ലാലേട്ടൻ എന്നുപറഞ്ഞു. ലാലും ഞങ്ങളുമായുള്ള ആ തർക്കം തന്നെ അരമണിക്കൂറോളം നിന്നു. ഒരു കാരണവശാലും പ്രസിഡന്റായി തുടരില്ലെന്ന് ലാൽ പറഞ്ഞു.തിരഞ്ഞെടുപ്പ് നടത്താമെന്ന് പറഞ്ഞപ്പോഴും ലാൽ വരുമെന്ന് തന്നെയായിരുന്നു എന്റെ പ്രതീക്ഷ.
ലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ അങ്ങനെ അമ്മയെ ഉപേക്ഷിച്ചുപോകാൻ മനസുവരില്ല. അമ്മയുമായിട്ടുള്ള ഞങ്ങളുടെ ബന്ധം അത്രയും അറ്റാച്ച്ഡാണ്. ലാൽ ഒരിക്കലും ആ സ്ഥാനത്തുനിന്ന് മാറില്ലെന്ന പ്രതീക്ഷയുണ്ടായിരുന്നു.നോമിനേഷൻ കൊടുക്കാനുള്ള അവസാന ദിവസമാണ് ലാൽ പത്രിക സമർപ്പിച്ചിട്ടില്ലെന്ന് ഞാൻ അറിയുന്നത്. എന്റെ മനസിൽ അത് വലിയ ആഘാതമായി. ലാലിന് ഇത്രയും വേദനിച്ചോയെന്ന ഫീലായി.
ഇതിനുമുമ്പ് ലാലുമായി സംസാരിച്ചിരുന്നു. ഞാനിനി വരില്ല, എന്തിനാ വരണതെന്ന് കണ്ണ് നിറഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ഒരു മഹാനടൻ, വലിയൊരു മനുഷ്യൻ, നമ്മളൊക്കെ ആരാധിക്കുന്ന മനുഷ്യനാണ് പറഞ്ഞത്. ഞങ്ങളൊക്കെ ആകെ അന്തംവിട്ടുപോയി. ഞങ്ങൾക്ക് ശബ്ദമില്ലാതായിപ്പോയി. സ്‌ട്രോംഗായ തീരുമാനം ലാൽ എടുത്തുകഴിഞ്ഞിരിക്കുന്നു. പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോൾ ലാൽ നോമിനേഷൻ കൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെയാണ് എപ്പോഴും ഉണ്ടാകുന്നത്.
എന്നാൽ ലാൽ നോമിനേഷൻ കൊടുക്കാതായതോടെ അമ്മ അനാഥമായിപ്പോകുമെന്ന ആശങ്കയുണ്ടായി. ഈ അമ്മ എന്ന സംഘടന ആർക്കുവേണ്ടി നിലകൊള്ളുന്നുവെന്നാണ്. മോഹൻലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഒന്നും ഇതിന്റെ ആവശ്യമില്ല. ആകെ 506 പേരുണ്ട്. അതിൽ 375 പേർക്കും തൊഴിലില്ല. അവരെ സഹായിക്കുകയെന്നതാണ് നമ്മുടെ ഒബ്ജക്ടീവ്.
ലാൽ പോയാൽ എന്താകും സ്ഥിതി. അമ്മ എന്ന സംഘടന തകർന്നുപോകുകയെന്ന സംഗതിവരികയാണ്. ഇങ്ങനെയിരിക്കെ നീ നോമിനേഷൻ കൊടുക്ക് ഇല്ലെങ്കിൽ അമ്മ നമുക്ക് നഷ്ടപ്പെട്ടുപോകുമെന്ന് പറഞ്ഞ് കുറേപ്പേർ വിളിച്ചു. അമ്മയുടെ സഹായം കാത്തുകഴിയുന്ന കുറേപ്പേരുണ്ട്. സംഘടനയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരെ ബാധിക്കുമെന്ന് അവർ പറഞ്ഞു. അങ്ങനെ ഞാൻ അത് ചിന്തിച്ചു. നോമിനേഷൻ കൊടുത്തു.