വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവസാന കാലത്ത് പല തവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടപെട്ട മേഖലകളെല്ലാം അദ്ദേഹത്തിന് ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാ വിഭാഗങ്ങളുടെയും ഹൃദയം മനസിലാക്കിയ ഒരു വമ്പന്‍ നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. നഷ്ടത്തിന്‍റെ അളവ് കോലുകളൊക്കെ ഒടിഞ്ഞ് പോകുന്ന തരത്തിലുള്ള ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനതയ്ക്ക് ദുഃഖഭാരം നിറഞ്ഞ ദിനങ്ങളായിരിക്കും ഇനി. വിഎസിന്‍റെ മൂല്യം അറിയുന്ന ഓരോ വ്യക്തിക്കും. വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. എനിക്ക് അവസാനമായി ഒന്ന് കാണാന്‍ സാധിച്ചില്ല.
അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ കാണാനുള്ള അനുവാദം കിട്ടിയില്ല. മകളുടെ കല്യാണം വിളിക്കാന്‍ പോയപ്പോഴും, ഇലക്ഷന് ജയിച്ച് വന്നപ്പോഴും മന്ത്രിയായ ശേഷവും കാണാന്‍ പറ്റിയില്ല. ജീവനോടെ ഒന്ന് അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമമുണ്ട്. ഇനി അത് സംഭവിക്കുകയും ഇല്ല. ഇതിഹാസമായിരുന്നു അദ്ദേഹം”, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. മാധ്യമങ്ങളോട് ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘മലയാളികളുടെ സ്വന്തം സമരനായകന്‍, സഖാവ് വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍’, എന്നായിരുന്നു നേരത്തെ ഫേസ്ബുക്കില്‍ സുരേഷ് ഗോപി കുറിച്ചത്. അതേസമയം, അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചിട്ടുണ്ട്. ശേഷം മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ദർബാർ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ആലപ്പുഴയിലെ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകും.