നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സിയിലായിരുന്നു. അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയനായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംസ്കാരം ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ നടക്കും.
തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനാണ് ഇ എ രാജേന്ദ്രൻ. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കേഴ്സ് പഠിച്ചു.ഗ്രീഷ്മം എന്ന സിനിമയിലൂടെയാണ് ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്.
കളിയാട്ടം, പ്രണയവർണ്ണങ്ങൾ, ദയ, പട്ടാഭിഷേകം, മീശമാധവൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ് രാജേന്ദ്രൻ.



