നടൻ അജിത് കുമാറിന്റെ കാർ മത്സരത്തിനിടെ അപകടത്തിൽപ്പെട്ടു, മത്സരത്തിൽ നിന്ന് പിന്മാറി നടൻ

റോം: നടൻ അജിത് കുമാറിന്റെ കാർ മത്സരത്തിനിടെ അപകടത്തിൽപ്പെട്ടു. ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ നടന്ന GT4 യൂറോപ്യൻ സീരീസിലാണ് അപകടമുണ്ടായത്. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നടന് പരിക്കില്ലെന്നാണ് വിവരം.
എന്നാൽ അപകടത്തിന് പിന്നാലെ മത്സരത്തിൽ നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. റേസ്ട്രാക്കിലെ കാറിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
GT4 യൂറോപ്യൻ സീരീസാണ് ദൃശ്യങ്ങൾ തങ്ങളുടെ എക്സ് പേജിലൂടെ പുറത്തുവിട്ടത്.’അജിത് കുമാർ കാറിൽ നിന്ന് പുറത്തിറങ്ങുകയും മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരിക്കുന്നു. ഈ വർഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ വലിയ അപകടമാണിത്. അദ്ദേഹം ഒരുമികച്ച ചാമ്പ്യനാണ്. ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ അദ്ദേഹം ജീവനക്കാരെ സഹായിക്കുന്നു. അധികമാരും ഇങ്ങനെ ചെയ്യാറില്ല’- പുറത്തുവന്ന വീഡിയോയിൽ കമന്റേറ്റർ പറയുന്നു.
2003 മുതലാണ് അജിത് റേസിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. അതിന്ശേഷം ഈ രംഗത്ത് ശ്രദ്ധയമായ നിരവധി മുന്നേറ്റങ്ങൾ അദ്ദേഹം നടത്തി. 2010ൽ ഫോർമുല 2 ചാമ്പ്യൻഷിപ്പിലും നടൻ പങ്കെടുത്തു. ജർമ്മനി, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ഇന്ത്യൻ സർക്കാർ അജിത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.