ആറാം തമ്പുരാൻ, ചിത്രം ആദ്യം നായകനാകാൻ തീരുമാനിച്ചത് എന്നെ ആയിരുന്നു; പക്ഷേ അത് ലാലേട്ടൻ ചെയ്തു

മോഹൻലാലിന്റെ കരിയറിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നായ ആറാം തമ്പുരാൻ ആദ്യം തനിക്ക് വന്ന പ്രോജക്‌ട് ആയിരുന്നെന്ന് നടൻ മനോജ് കെ ജയൻ. ഒരു എഫ്‌എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ വിവരം പറഞ്ഞത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ സംവിധായകൻ രഞ്ജിത്ത് തിരക്കഥയെഴുതിയ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ കഥ കേട്ട മണിയൻപിള്ള രാജുവാണ് ‘ഇത് ലാലിനെപ്പോലെ ഒരാൾ ചെയ്‌താൽ വേറൊരു ലെവലിലേക്ക് മാറും. നമുക്ക് അങ്ങനെ ഒന്ന് ആലോചിച്ചുകൂടേ’ എന്ന് സംവിധായകനോട് ചോദിച്ചതെന്ന് മനോജ് കെ ജയൻ പറയുന്നു.
തന്റെ ‘അസുരവംശം’ എന്ന ചിത്രം കഴിഞ്ഞയുടൻ പ്ളാൻ ചെയ്‌ത ചിത്രമായിരുന്നു അത്. ഈയടുത്ത് മണിയൻപിള്ള രാജു പറഞ്ഞപ്പോഴാണ് ഇക്കാര്യം താൻ അറിയുന്നതെന്നും മനോജ് കെ ജയൻ വ്യക്തമാക്കി. ലാലിന്റെ ഡേറ്റ് കിട്ടുമോ എന്ന് ഷാജി കൈലാസ് മണിയൻ പിള്ള രാജുവിനോട് ചോദിച്ചു അത് താൻ അറേഞ്ച് ചെയ്യാം എന്ന് മണിയൻ പിള്ള രാജു പറഞ്ഞു. ‘
മണിയൻപിള്ള രാജു, സുരേഷ് കുമാറിനെ കാണുകയും അവർ തമ്മിൽ ചർച്ചചെയ്‌ത് സിനിമ അങ്ങോട്ടുമാറി എന്നുള്ളതാണ് കഥ.’ മനോജ് കെ ജയൻ പറയുന്നു.’മനോജ് കെ ജയൻ ഇതൊക്കെ ചെയ്‌താൽ പൊളിഞ്ഞ് പാളീസായിപ്പോകും എന്നൊക്കെ പലതും പറയുന്നുണ്ട്. ലാലേട്ടനും തിലകൻ ചേട്ടനും വേണ്ടി ചെയ്‌ത സിനിമയാണ് ചമയം. അവരെമാറ്റി മുരളിയേയും എന്നെയും വച്ച് ചെയ്‌തു. ഞാൻ ചെയ്‌തിരുന്നെങ്കിൽ എന്റേതായ ചെറിയ സിനിമയായി അതങ്ങ് മാറിയേനെ’ ആറാം തമ്പുരാൻ ചിത്രത്തെക്കുറിച്ച് മനോജ് കെ ജയൻ സൂചിപ്പിക്കുന്നു.