ആറാം തമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം ഉര്‍വശി അഭിനയിച്ച സീന്‍ ഉണ്ട്; അന്ന് അത് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് നടി

മോഹന്‍ലാല്‍ – മഞ്ജു വാര്യര്‍ ജോഡി തകര്‍ത്തഭിനയിച്ച എക്കാലത്തേയും മികച്ച ഹിറ്റ് സിനിമകളില്‍ ഒന്നാണ് ആറാം തമ്പുരാന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 1997ലാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ഇന്നും മലയാളികളുടെ ഇഷ്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് ആറാം തമ്പുരാന്‍ എന്നതില്‍ തര്‍ക്കമില്ല. ബോക്‌സ് ഓഫീസിലും വന്‍ ഹിറ്റായിരുന്നു ആറാം തമ്പുരാന്‍.
രവീന്ദ്രന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് പുറമേ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കുതിരവട്ടം പപ്പു, മണിയന്‍പിള്ള രാജു, കലാഭവന്‍ മണി, ഭീമന്‍ രഘു, കീരിക്കാടന്‍ ജോസ്, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗന്നാഥ വര്‍മ്മ, ഗണേഷ് കുമാര്‍, കുണ്ടറ ജോണി, ഇന്നസെന്റ്, അഗസ്റ്റിന്‍, ടി.പി മാധവന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
വില്ലന്‍ വേഷത്തിലെത്തിയ നരേന്ദ്ര പ്രസാദിന്റെ അഭിനയത്തിനും വലിയ അഭിനന്ദനങ്ങള്‍ ലഭിച്ച ചിത്രമാണ് ആറാം തമ്പുരാന്‍. ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ഉര്‍വശിയും അഭിനയിച്ചിരുന്നുവെന്നതാണ് ഈ അടുത്തിടെ പുറത്തറിഞ്ഞ മറ്റൊരു കാര്യം. തിയറ്ററിലും പിന്നീട് ടെലിവിഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴുമെല്ലാം ഉര്‍വശി അഭിനയിച്ച ഷോട്ട് ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇക്കാര്യം അറിവുണ്ടായിരുന്നുള്ളു.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ഉര്‍വശി തന്നെയാണ് താന്‍ ആ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് തുറന്ന് പറഞ്ഞത്. ഹരിമുരളീരവം… എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒരു സ്വീക്വന്‍സിലാണ് ഉര്‍വശി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ മുഖം മറച്ച് കണ്ണുകള്‍ മാത്രം കാണുന്ന രീതിയില്‍ ആയിരുന്നതിനാല്‍ ആരും അത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സീന്‍ ആറാം തമ്പുരാന് വേണ്ടി ഷൂട്ട് ചെയ്തതായിരുന്നില്ലെന്നും മറ്റഒരു ചിത്രത്തില്‍ നിന്നുള്ള തന്റെ ഭാഗം ഗാനരംഗത്തില്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഉര്‍വശി പറയുന്നു.