കൗബോയ് സ്റ്റൈലിൽ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ലുക്ക്

സിനിമകളുടെ തിരക്കുകളില്‍ നിന്ന് ചെറിയ ഇടവേളയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. തുടരും സംവിധായകന് തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രം അതിമനോഹരത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കില്‍ സ്റ്റേജ് ഷഓകളുമായി യൂറോപ്യന്‍ പര്യടനത്തിലായിരുന്നു മോഹന്‍ലാലും സംഘവും. അതിന് ശേഷം ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്‍ അദ്ദേഹം ഗാലറിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം വൈറല്‍ ആയിരിക്കുകയാണ്. വെസ്റ്റേണ്‍ കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
അമേരിക്കയിലെ ലോകകപ്പ് ഗാലറികളില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും ചെറു വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അവസാനം നടന്ന അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരം കാണാന്‍ മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. മത്സരശേഷം അര്‍ജന്റീനിയന്‍ ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ വീക്ഷിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരം കാണാന്‍ ഫഹദ് ഫാസിലും എത്തിയിരുന്നു. വരുന്ന തിങ്കളാഴ്ച (20) ഇന്ത്യന്‍ സമയം അര്‍ധരാത്രി കഴിഞ്ഞ് 12.30 നാണ് ഫൈനല്‍ മത്സരം. അര്‍ജന്റീന സ്പെയിനിനെയാണ് നേരിടുന്നത്. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം.

ദൃശ്യം 3 ആണ് മോഹന്‍ലാല്‍ അഭിനയിച്ച് അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. പൊതുവെ സമ്മിശ്ര അഭിപ്രായമായിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രത്തിന്റെ കുതിപ്പിനെ തടയാന്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ക്കും ആയില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 238 കോടിയാണ് ചിത്രത്തിന്റെ ഫൈനല്‍ ഗ്രോസ്.
തരുണ്‍ മൂര്‍ത്തിയുടെ അതിമനോഹരമാണ് അദ്ദേഹം നായകനായി ഇനി തിയറ്ററുകളില്‍ എത്തേണ്ട ചിത്രം. എന്നാല്‍ അതിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. അതേസമയം മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്ന പല ചിത്രങ്ങള്‍ പുറത്തു വരാനുമുണ്ട്. മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റമായ തുടക്കം, പൃഥ്വിരാജ് നായകനാവുന്ന ഖലീഫ, ജയസൂര്യയുടെ കത്തനാര്, തമിഴ് ചിത്രം ജയിലര്‍ 2, ബോളിവുഡ് ചിത്രം ഹൈവാന്‍ എന്നിവയിലൊക്കെ മോഹന്‍ലാലിന് അതിഥിവേഷങ്ങള് ഉണ്ട്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന നെടുങ്കണ്ടം മിറക്കിള്‍ എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.



