തെന്നിന്ത്യൻ സംഗീത ലോകത്ത് വിവാദം; അനിരുദ്ധിന്റെ ആൽബത്തിൽ ജാനി മാസ്റ്ററുടെ പങ്കാളിത്തം വിമർശനത്തിന് ഇടയാക്കി

തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പുതിയ മ്യൂസിക് ആൽബം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. അന്തരിച്ച സുഹൃത്ത് അരവിന്ദിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ ‘അരവിന്ദിന്’ എന്ന ആൽബത്തിലാണ് പോക്സോ കേസിൽ പ്രതിയായ നൃത്ത സംവിധായകൻ ജാനി മാസ്റ്റർ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.
അനിരുദ്ധിന്റെ സ്വന്തം മ്യൂസിക് ലേബലായ ‘ആൽബുകർക് റെക്കോർഡ്സ്’ വഴിയാണ് ഗാനം പുറത്തിറങ്ങിയത്. എന്നാൽ, ഗാനത്തിന്റെ ഉള്ളടക്കത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് ജാനി മാസ്റ്ററുടെ പങ്കാളിത്തമാണ്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന വ്യക്തിക്ക് അനിരുദ്ധ് തന്റെ പ്രോജക്ടിൽ അവസരം നൽകിയതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
2024 സെപ്റ്റംബറിൽ 21 വയസ്സുകാരിയായ വനിതാ കൊറിയോഗ്രാഫറുടെ പരാതിയിലാണ് ജാനി മാസ്റ്റർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 2017 മുതൽ പരിചയമുള്ള ഇര 2019ൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് 2020ൽ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പീഡനം നടന്നുവെന്നാണ് പരാതി.
കേസിൽ അറസ്റ്റിലായ ജാനി മാസ്റ്റർ പിന്നീട് റിമാൻഡിലായിരുന്നുവെങ്കിലും നിലവിൽ ജാമ്യത്തിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആൽബത്തിലെ സഹകരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.



