വിവാദങ്ങൾക്കുശേഷം സുധിലയത്തിലെത്തി കിച്ചു; വന്നത് റിഥപ്പനെ കാണാൻ

കുഞ്ഞനിയനായ റിഥപ്പനെ കാണാൻ കോട്ടയത്തെ വീട്ടിലെത്തിയ കിച്ചു സുധിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അടുത്തിടെ നടന്ന വിവാദങ്ങൾക്കും തുറന്നുപറച്ചിലിനും ശേഷം കിച്ചു ആദ്യമായാണ് കോട്ടയത്തുള്ള രേണുവിന്റെ വീട്ടിലേക്കെത്തുന്നത്. ചെറിയൊരു ആശങ്കയോടെയായിരുന്നു കിച്ചു വീട്ടിലേക്ക് കയറിയത്. അവിടെ ചെന്ന് കഴിയുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എന്തായാലും നോക്കാം. നേരത്തെ വിളിച്ച് പറഞ്ഞിട്ടൊന്നുമില്ല. വിളിക്കാതെയാണ് ചെല്ലുന്നത്. അന്നത്തെ സംഭവത്തിനുശേഷം വിളിച്ചിട്ടില്ല. എല്ലാവരുടേയും ചെരുപ്പ് പുറത്ത് കാണുന്നുണ്ട് എന്ന് പറഞ്ഞാണ് കിച്ചു സുധിലയത്തിലേക്ക് കയറി ചെന്നത്
രേണു വീട്ടിൽ ഉണ്ടായിരുന്നില്ല. രേണുവിന്റെ മാതാപിതാക്കളും മറ്റുമാണ് ഉണ്ടായിരുന്നത്. റിഥപ്പനെ കണ്ടതും കിച്ചു വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി. ചേട്ടന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന റിതുലിന്റെ മുഖം കാണുന്നവരിലും സന്തോഷം നിറച്ചു.
രേണുവിനെ എയർപോട്ടിൽ നിന്നും കൊണ്ടുവരാനായി പോകാൻ തയാറെടുത്ത് നിൽക്കുകയായിരുന്നു എല്ലാവരും. റിഥപ്പനും അതിനായി ഒരുങ്ങി നിന്നിരുന്നു. പിന്നീട് രേണുവിനെ വിളിച്ച് കിച്ചുവിനൊപ്പം റിഥപ്പനെ വിടാനുള്ള സമ്മതം വാങ്ങി. രേണുവിന്റെ ചേച്ചി രമ്യയുടെ മക്കളായ ലബനോനെയും ലുധിയയെയും റിഥപ്പനൊപ്പം കിച്ചു കൂട്ടിയിരുന്നു. രാത്രിയോടെയാണ് കിച്ചുവും കൂട്ടുകാരും പിള്ളേരുമൊത്തുള്ള ഔട്ടിങ് കഴിഞ്ഞ് തിരികെ വന്നത്.
‘‘ഇവിടെ തന്നെ ഏതെങ്കിലും ഷോപ്പിലൊക്കെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരാമെന്നാണ് കരുതിയത്. റിഥപ്പൻ വിഷമിച്ചിരിക്കുന്നത് കണ്ടതുകൊണ്ട് അമ്മയുടെ പപ്പയെ വിളിച്ച് ചോദിച്ചു. ആദ്യം പപ്പ പറഞ്ഞു നടക്കത്തില്ലെന്ന്. ഇപ്പോൾ കണ്ടില്ലേ ആ രീതിയിൽ പൊക്കോളൂവെന്ന് പറഞ്ഞു. പിന്നെ അമ്മയെ വിളിച്ച് ചോദിച്ചു. അമ്മ സമ്മതം പറഞ്ഞു. അതുകൊണ്ട് അവനെ കൊണ്ടുപോയി. ഇപ്പോൾ അവൻ ഹാപ്പിയാണെന്ന് തോന്നുന്നു. രമ്യ ചേച്ചി വിളിച്ച് ചോദിച്ചു.
എന്റെ പിള്ളേരെ നീ എവിടെ കൊണ്ടുപോകുന്നടാ എന്നൊക്കെ. റിഥപ്പനെ മാത്രമായി എനിക്ക് ഔട്ടിങിന് കൊണ്ടുപോകാൻ പറ്റില്ല. പണ്ട് മുതൽ മൂന്ന് പിള്ളേർക്കുമായി മാത്രമെ ഞാൻ എന്തെങ്കിലും ചെയ്യാറുള്ളു. ആ രീതിയിൽ കൊണ്ടുപോയതാണ്. അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ് കൂടുമ്പോൾ വിളിക്കുന്നുണ്ടായിരുന്നു അവർ. റിഥപ്പനെ മാത്രമായി ഞാൻ എങ്ങനെ കൊണ്ടുപോകും?. എന്ത് സാധനം വാങ്ങിയാലും മൂന്ന് പേർക്കും ഞാൻ വാങ്ങാറുണ്ട്. പിള്ളേരെല്ലാം നമ്മുടെ സ്വന്തമല്ലേ. പിള്ളേർക്ക് എന്ത് അറിയാം…. എല്ലാം നിങ്ങളെ കൂടി കാണിക്കാമെന്ന് കരുതിയാണ് വ്ലോഗായി ചെയ്തത്.’’ കിച്ചുവിന്റെ വാക്കുകൾ.
റിഥപ്പനേയും കിച്ചുവിനേയും ഒരുമിച്ച് കണ്ട സന്തോഷമാണ് കമന്റിലൂടെ ഏറെയും ആളുകൾ കുറിച്ചത്. ഇതുപോലെ ഇടയ്ക്കിടയ്ക്ക് റിഥപ്പനെ കാണാൻ കിച്ചു വരണമെന്നും അടുത്ത വരവിൽ കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും കമന്റ് ചെയ്യുന്നവരുമുണ്ട്.



