ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ, ആ തിളക്കം വേറെത്തന്നെയാണ്; ചിത്രങ്ങൾ പങ്കിട്ട് നവ്യ നായർ

മലയാളികളുടെ പ്രിയങ്കരിയായ ‘ബാലാമണി’ നവ്യ നായരുടെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട നവ്യ, ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ ക്യാപ്ഷനാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. “ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ ആ തിളക്കം വേറെയാണ്. ഹൃദയത്തിൽ കൃപയും ചുവടുകളിൽ അഗ്നിയുമായി ഞാൻ ഉയർത്തെഴുന്നേൽക്കുന്നു” എന്ന താരത്തിന്റെ വാക്കുകൾ, നവ്യ തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനെക്കുറിച്ചാണോ എന്ന് ആരാധകർ ചോദിക്കുന്നു.
സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് ശേഷം നവ്യയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘പാതിരാത്രി’യാണ്. സൗബിൻ ഷാഹിറും നവ്യയും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ‘പുഴു’വിലൂടെ ശ്രദ്ധേയയായ രത്തീനയാണ്. ഒരു രാത്രിയിൽ സംഭവിക്കുന്ന ആകാംക്ഷാനിർഭരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രത്തിൽ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഷാജി മാറാടിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, അച്യുത് കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്നുവെങ്കിലും രണ്ടാം വരവിൽ വളരെ സെലക്ടീവായ സിനിമകളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് നവ്യ നായർ. സോഷ്യൽ മീഡിയയിലെ താരത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ചിത്രങ്ങളും കുറിപ്പും താരം പഴയതിലും കരുത്തോടെ മുന്നേറുന്നതിന്റെ സൂചനയായാണ് സിനിമാലോകം കാണുന്നത്.



