Cinema

മീശപിരിച്ച് ലാലേട്ടൻ വീണ്ടും പോലീസ് വേഷത്തിൽ; ‘അതിമനോഹരം’ ഫസ്റ്റ് ലുക്ക് പുറത്ത്!

രുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി സിനിമാ പ്രേമികൾ വലിയ കാത്തിരിപ്പിലായിരുന്നു. ഇപ്പോൾ സിനിമയുടെ പേരും ആകാംക്ഷയുണർത്തുന്ന ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘അതിമനോഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടി.എസ്. ലവ്‌ലജൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ വേഷമിടുന്നത്. അയ്യപ്പഭക്തന്മാർക്കിടയിൽ ഗാംഭീര്യത്തോടെ പോലീസ് യൂണിഫോമിൽ നിൽക്കുന്ന താരത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്.

ഈ സിനിമയ്ക്കായി ലാലേട്ടൻ തന്റെ താടി മാറ്റിയത് വലിയ വാർത്തയായിരുന്നു. മീശ പിരിച്ചുള്ള തന്റെ പ്രിയതാരത്തിന്റെ പഴയ ലുക്ക് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൽ പിന്നീട് മാറ്റങ്ങൾ വരികയും തരുൺ മൂർത്തി സംവിധാന ചുമതല ഏറ്റെടുക്കുകയുമായിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. തരുൺ മൂർത്തിയുടെ മുൻ ചിത്രമായ ‘തുടരും’ എന്ന ഹിറ്റിന് ശേഷം അദ്ദേഹം ലാലേട്ടനൊപ്പം ചേരുമ്പോൾ വലിയൊരു വിജയം തന്നെയാണ് ബോക്സ് ഓഫീസിൽ പ്രതീക്ഷിക്കുന്നത്.

സാങ്കേതിക മികവിലും ചിത്രം മുന്നിട്ടു നിൽക്കുമെന്നാണ് അണിയറ വർത്തമാനങ്ങൾ സൂചിപ്പിക്കുന്നത്. ഷാജി കുമാർ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുമ്പോൾ വിവേക് ഹർഷൻ എഡിറ്റിംഗും ഗോകുൽ ദാസ് കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. ‘ദൃശ്യം 3’ ക്ക് ശേഷം താരം ഭാഗമാകുന്ന ഈ മലയാള ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തിയേറ്ററുകളിലെത്തും. ‘പാട്രിയറ്റ്’, ‘ഖലീഫ’ തുടങ്ങിയ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുമ്പോൾ തന്നെ ‘അതിമനോഹര’മായ ഈ ലവ്‌ലജൻ ലുക്ക് ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button