Cinema

കഷ്‌ടകാലം ഒഴിയാതെ ജനനായകൻ; ചിത്രം കേബിൾ ചാനലിൽ പ്രദർശിപ്പിച്ചു

ചെന്നൈ: വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് കേബിൾ ചാനലിൽ സംപ്രേഷണം ചെയ്‌തു. ഏപ്രിൽ 11നാണ് ചിത്രം കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്‌തത്. സംഭവത്തിൽ ചാനലുടമയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിത്രം ഓൺലൈനിലൂടെ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ചത്.

കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ എന്ന ചാനലുടമയുമായ എസ് പളനിസാമി (44) ആണ് അറസ്റ്റിലായത്. വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.പരാതി ലഭിച്ചയുടൻ കോയമ്പത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ കാർത്തികേയൻ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.

അന്വേഷണത്തിൽ ചിത്രം അനധികൃതമായി കൈക്കലാക്കി പൊതുജനങ്ങൾത്ത് മുമ്പിൽ പ്രദർശിപ്പിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പളനിസാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ്‌ഡിസ്‌കുകൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഓഫീസ് സീൽ ചെയ്യുകയും ചെയ്‌തു.ഏപ്രിൽ ഒമ്പതിന് ചിത്രത്തിന്റെ എച്ച്‌ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നിരുന്നു. ഇതേത്തുടർന്ന് തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം ആറുപേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറിലധികം അനധികൃത ലിങ്കുകൾ വിവിധയിടങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button