‘അത് ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്ന്’; മോഹന്‍ലാലിനെക്കുറിച്ച് തമിഴ് നടന് ഭരത്

ആക്ഷനും കട്ടിനും ഇടയില്‍ വിസ്മയിപ്പിക്കുന്ന മോഹന്‍ലാലിന്റെ അഭിനയ പ്രതിഭയെക്കുറിച്ചും സംവിധായകരും സഹതാരങ്ങളുമൊക്കെ പല തവണ പറഞ്ഞിട്ടുണ്ട്. ഒപ്പം സംവിധായകന്റെ കട്ടിന് ശേഷം കഥാപാത്രത്തെ ഒപ്പം കൊണ്ടുനടക്കാത്ത അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും. ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് തമിഴ് നടന് ഭരത്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത കൂതറ എന്ന ചിത്രത്തില്‍ ഭരത് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. താന്‍ നായകനായി അഭിനയിച്ച പുതിയ തമിഴ് ചിത്രം കാളിദാസ് 2 ന്റെ പ്രൊമോഷന്റെ ഭാഗമായി ഭരദ്വാജ് രംഗന് നല്കിയ അഭിമുഖത്തിലാണ് ഭരത് ഇക്കാര്യം പറയുന്നത്.
കട്ട് പറഞ്ഞാല്‍ കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടുവരാതെ അവിടെത്തന്നെ ഉപേക്ഷിക്കാന്‍ സാധിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ഭരത് മോഹന്‍ലാലിന്റെ മാതൃക പറഞ്ഞത്. ഭരതിന്റെ പ്രതികരണം ഇങ്ങനെ- “ആ ഗിയര്‍ ഷിഫ്റ്റ് എനിക്ക് വേഗത്തില്‍ നടക്കും. അത് എന്റെ തനതായ സ്വഭാവമാണ്. ഒരു അനുഗ്രഹവുമാണ് അത്. ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാന്‍ ആണ്. ഞാന്‍ മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തില്‍ ശ്രദ്ധിച്ച കാര്യമുണ്ട്.
സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുന്ന മാത്രയില്‍ അദ്ദേഹം പൊടുന്നനെ മാറും. അത് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചതാണ്. അതുപോലെ കട്ട് എന്ന് പറയുമ്പോഴേക്ക് അദ്ദേഹം യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്തും. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം വന്ന് ഇരിക്കും. അദ്ദേഹത്തെ കാണാന്‍ ദിവസേന ഒരു പത്ത് പേര് കാണും. സംസാരിച്ച് കാപ്പി കുടിച്ചൊക്കെ ഇരിക്കും. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഗിയര്‍ ഷിഫ്റ്റ് നടക്കും”, ഭരത് പറയുന്നു.
“ഞാനും അങ്ങനെയാണ്. ഒരു സെറ്റിലേക്ക് പോവുമ്പോള്‍ ആ മൂഡിലേക്ക് എത്തും. എന്റേതായ തയ്യാറെടുപ്പുകള്‍ നടത്തും. ഷോട്ടിന് മുന്‍പ് ഏതൊക്കെ സീനുകള്‍ എന്ന് പഠിച്ച്, ഇന്നലെ എന്താണ് ചെയ്തതെന്നും അതിന്റെ തുടര്‍ച്ച എന്തെന്നുമൊക്കെ ആലോചിച്ച്, ബോഡി ലാംഗ്വേജ് എന്തായിരുന്നുവെന്ന് ഒരു ഫുട്ടേജ് നോക്കി മനസിലാക്കി ഒരു തയ്യാറെടുപ്പ് നടത്തും. പക്ഷേ കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടുപോകില്ല. പാക്കപ്പ് പറഞ്ഞാല്‍ ആ ടീമുമായി വൈകാരികമായ ഒരു കണക്ഷന് ഉണ്ടാവും. ഒരുപാട് നാള് ഒരുമിച്ച് ജോലി ചെയ്തതുകൊണ്ട്. പക്ഷേ അവതരിപ്പിച്ച കഥാപാത്രത്തിനോട് അങ്ങനെ തോന്നാറില്ല. അത് കഴിഞ്ഞാല്‍ കഴിഞ്ഞു”, ഭരത് പറയുന്നു.



