‘അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിച്ചു; പുറത്തിറങ്ങാൻ പോലും ഭയന്നു, മമ്മൂട്ടി വളരെ ശാന്തനായിരുന്നു’

മമ്മൂട്ടി നായകനായെത്തിയ കസബ സിനിമയെ വിമർശിച്ചതിനുശേഷം നേരിട്ട സൈബറാക്രമണങ്ങളെക്കുറിച്ചും തുടർന്നുണ്ടായ മാനസിക, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസ് തുറന്ന് നടി പാർവതി തിരുവോത്ത്. ആ സമയത്ത് പിന്തുണച്ച സിനിമാതാരങ്ങളെക്കുറിച്ചും പാർവതി വെളിപ്പെടുത്തി. ‘ഷോഷാ’ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
നടിയുടെ വാക്കുകളിൽ നിന്ന് എഫ്‌എഫ്‌കെയിലെ ആ പ്രസ്‌താവന കഴിഞ്ഞ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറിയിരുന്നു. അന്നെനിക്ക് ‘പൊങ്കാല’ എന്ന വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. എല്ലാവരും ‘ദാ പൊങ്കാല’ തുടങ്ങിയിട്ടുണ്ട് എന്നുപറഞ്ഞപ്പോൾ മനസിലായില്ല. പിന്നീട് ട്വിറ്ററിൽ കയറി നോക്കിയപ്പോഴാണ് ആക്രമണത്തിന്റെ വ്യാപ്‌തി മനസിലായത്. എനിക്കുനേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്ന് തുടങ്ങിയപ്പോഴാണ് ഗൗരവമായി തോന്നിയത്. അപ്പോഴാണ് സുഹൃത്തിനോട് പറഞ്ഞത്, ഇത് നിയമവിരുദ്ധമാണെന്നും പൊലീസിനെ സമീപിക്കണം എന്നും.
എനിക്ക് മനസിലായത് ഇവിടെ പ്രശ്നം ഞാനല്ല, ഞാൻ പ്രതിനിധീകരിച്ച വിഷയമാണ് എന്നതാണ്. ഒരു സ്ത്രീ സംസാരിച്ചു എന്നതും അവൾ പറഞ്ഞതിൽ കാര്യമുണ്ട് എന്നതുമാണ്. ആ ഭയം എന്നെ തളർത്തുന്നതിനുപകരം കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്. പിന്നീട് മമ്മൂട്ടി സാറുമായി സംസാരിച്ചു. അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ഞാൻ ചോദിച്ചു, ‘നിങ്ങൾ ശാന്തനായിരിക്കാം, എന്നാൽ പുറത്തുള്ളവർ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ’ എന്ന്. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന വന്നത്. അപ്പോഴേക്കും സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു.
പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടു. വധഭീഷണിവരെ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങൾ എന്റെ ആരോഗ്യത്തെയും ബാധിച്ചു.ഇതിനിടെയിൽ എനിക്കൊരു പുരസ്‌കാരവും ലഭിച്ചു. പതിനായിരക്കണക്കിനുപേർ പങ്കെടുത്ത അവാർഡ് നിശയായിരുന്നു അത്. അവാർഡ് വാങ്ങാനായി സ്റ്റേജിലേയ്ക്ക് കയറിയപ്പോൾ അവിടെ കൂടിയിരുന്നവർ മുഴുവൻ കൂകി വിളിക്കാൻ തുടങ്ങി.
കയ്യടികൾക്ക് പകരം കൂവലുകൾ കേട്ടപ്പോൾ എന്റെയുള്ളിൽ എല്ലാം സ്ളോ ഡൗൺ ആയതുപോലെ തോന്നി. എന്നിരുന്നാലും പ്രസംഗം പൂർത്തിയാക്കി ഞാൻ തിരിച്ചിറങ്ങി. ആ അനുഭവം എന്റെ ഡിഎൻഎവരെ മാറ്റിമറിച്ചു. അവിടെ ഞാൻ അതിജീവിച്ചു. ആ കുറച്ച് വർഷങ്ങൾ എന്നെ തകർക്കാൻ നോക്കിയെങ്കിലും സത്യത്തിൽ അവയാണ് ഇന്നുനിങ്ങൾ കാണുന്ന ഈ ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്.
എന്നെ പിന്തുണയ്ക്കാനും കുറച്ചുപേരുണ്ടായിരുന്നു. സിനിമയ്ക്ക് പുറത്ത് സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമയിലുള്ള സുഹൃത്തുക്കളുടെമേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നെ പിന്തുണയ്ക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ഇൻഡസ്‌ട്രി നൽകിയത്. എന്റെ കൂടെ നിന്നാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നു.
എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിലും ആസിഫ് അലിയും ടൊവിനോ തോമസും കൂടെ ജോലി ചെയ്തു. പല നിർമാതാക്കളും എന്നെ മാറ്റിനിർത്തിയപ്പോൾ പി വി ഗംഗാധരന്റെ മക്കൾ എന്നെ വിളിച്ച് ആ സിനിമയിലെ പ്രധാന വേഷം നൽകുകയും ഇൻഡസ്‌ട്രിയിൽ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലം നൽകുകയും ചെയ്തു. ആ സിനിമ വലിയ വിജയമായി. അതൊരു അനുഗ്രഹമായിരുന്നു. കാരണം എന്നെ എളുപ്പത്തിൽ തുടച്ചുനീക്കാമായിരുന്നു.



