‘ആ മാച്ചിംഗ് സാരിയുടുത്ത് വീട്ടിൽ ഇരിക്കാമായിരുന്നു, കോടതി പറയുന്നതുവരെ സംഗീത തന്നെയാണ് വിജയ്‌യുടെ ഭാര്യ’

നടി തൃഷയ്‌ക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകനും നടനുമായ ആർ പാർഥിപൻ. അവാർഡ് വേദിയിൽ താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമാണെന്നും അതിനെ സോഷ്യൽ മീഡിയയിൽ വളച്ചൊടിച്ച് പ്രചരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തിയത് ആത്മാർത്ഥമായിട്ടാണെന്നും എന്നാൽ തൃഷയുടെ ട്വീറ്റ് തന്നെ വേദനിപ്പിച്ചെന്നും പാർഥിപൻ വ്യക്തമാക്കി.
ഒരു ചടങ്ങിൽവച്ച് എനിക്കൊരു തെറ്റ് സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നു. സത്യത്തിൽ അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ഞാൻ വേദിയിൽ വിജയ്‌യെക്കുറിച്ചോ അജിത്തിനെക്കുറിച്ചോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് വേറൊരു ഫോട്ടോ സ്ക്രീനിൽ വന്നു. ആ ഫോട്ടോ കണ്ട ഉടനെ എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സത്യത്തിൽ ഞാൻ ഒന്ന് പകച്ചുപോയി. അതാണ് വാസ്തവം. കുറ്റം ചുമത്തുന്ന രീതിയിൽ അവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുവെന്നത് 100 ശതമാനം നുണയാണ്. ഞാൻ ആരുടെയും അടിമയല്ല.
ആരുടെ പക്കൽ നിന്നും പണം വാങ്ങി അങ്ങനെയൊരു പരിപാടിക്ക് പോയിട്ടുമില്ല. പണത്തിന് വേണ്ടി ഞാൻ ഒരു രാഷട്രീയ പാർട്ടിയിലും ചേരില്ല. പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ല.ആ ചടങ്ങിന് ഞാൻ വന്നപ്പോൾ സ്റ്റേജിന് പുറകിൽ കുറച്ച് നേരം ഇരിക്കാൻ അവർ ആവശ്യപ്പെട്ടു. ആ സമയം ഞാൻ ഫോണിൽ വീഡിയോകൾ കണ്ടു. അപ്പോൾ ‘വലെെ പേച്ച്’ അന്തനൻ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. വിജയ് ഇപ്പോൾ എത്ര ഉയരത്തിൽ എത്തിയിരിക്കുന്നു. അടുത്തത് അദ്ദേഹം തന്നെ എന്ന നിലയിൽ വളരുമ്പോൾ ഈ സ്ത്രീ (തൃഷ) എന്ത് ചെയ്യണമായിരുന്നു? ഇവർക്ക് 40 വയസിന് മുകളിൽ പ്രായമുണ്ട്.
‘ഞാൻ ആ വിവാഹ ചടങ്ങിന് വരുന്നില്ല. നിങ്ങൾ പോയിട്ട് വരൂ എന്ന് പറഞ്ഞ്’ ആ ഇമേജ് കാത്തുസൂക്ഷിക്കാമായിരുന്നു. എന്ന് അതിൽ പറഞ്ഞു. അവർ വീട്ടിലിരിക്കുകയും വിജയ് മാത്രം പോകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന് പലരും സംസാരിക്കുന്നുണ്ട്. ഒരു മാദ്ധ്യമപ്രവർത്തകൻ പോലും എന്നോട് പറഞ്ഞതാണ്.മാച്ചിംഗ് സാരി വാങ്ങി നൽകിയാൽ പോലും ആ സാരിയുടുത്ത് വീട്ടിലിരിക്കാം എന്ന് അവർ പറയണമായിരുന്നുവെന്ന തരത്തിൽ പല വാർത്തകളും ഞാൻ കണ്ടു. യഥാർത്ഥത്തിൽ വിജയ് രാഷ്ട്രീയത്തിലേക്ക് വന്നമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു.
കരൂർ പ്രശ്നത്തിൽ പോലും ഇത്ര വലിയ വിമർശനങ്ങൾ അദ്ദേഹം നേരിട്ടില്ല. പക്ഷേ ആ വിവാഹചടങ്ങ് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായി.ആ ചടങ്ങിന് ആ സ്ത്രീ പങ്കെടുക്കാതിരുന്നെങ്കിൽ എന്ന് എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷേ അത് പറയാൻ വേണ്ടിയല്ല ഞാൻ ആ വേദിയിൽ പോയത്. പെട്ടെന്ന് ഫോട്ടോ വന്നപ്പോൾ ഒരു ആത്മഗതം പോലെ വന്ന വാചകമായിരുന്നു അത്. ഇത് വലിയ പ്രശ്നം ആകാതിരിക്കാൻ ഗലാട്ടയിലെ അരുണമാഡത്തിനോട് ആ വീഡിയോ ഡീലിറ്റ് ചെയ്യണമെന്ന് പറഞ്ഞ് സന്ദേശം അയച്ചിരുന്നു. പക്ഷേ പിറ്റേന്ന് രാവിലെ നോക്കുമ്പോൾ വേറൊരു വീഡിയോയിലൂടെ അത് പുറത്തുവന്നു.
ഞാൻ പറഞ്ഞത് ഒരു മൂന്നാമത്തെ വ്യക്തിയെക്കുറിച്ചാണ്. ഈ പ്രശ്നത്തിൽ മൂന്ന് പേരെ എടുത്താൽ അതിൽ ഒന്ന് എന്റെ പ്രിയ സുഹൃത്ത് വിജയ്. അദ്ദേഹത്തിന്റെ വളർച്ചയിൽ ഞാൻ സന്തോഷിക്കുന്നു. രണ്ട് അദ്ദേഹത്തിന്റെ ഭാര്യ. കോടതി തീരുമാനിക്കുന്നത് വരെ അവർ തന്നെയാണ് ഭാര്യ. അപ്പോൾ ഈ മൂന്നാമത്തെ വ്യക്തിയെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. അവരെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം എനിക്ക് ഇല്ലായിരുന്നു. പക്ഷേ ഞാൻ പറഞ്ഞത് അവർ വീട്ടിൽ ഇരിക്കണമെന്നാണ്.
ഇത് സ്ത്രീകൾക്കെതിരായ ഒന്നാണെന്നും സ്ത്രീകൾ എല്ലാം വീട്ടിൽ തന്നെ ഇരിക്കണമെന്നും താൻ പറഞ്ഞതായി പലരും വ്യാഖ്യാനിച്ചു. അത് എനിക്ക് വളരെ വിഷമം ഉണ്ടാക്കി. മാപ്പ് പറയുകയും ചെയ്തു. പിന്നെയാണ് ട്വീറ്റ് കണ്ടത്.ഈ ട്വീറ്റ് എന്നിൽ വലിയ ആഘാതം തന്നെ ഉണ്ടാക്കി. എന്റെ പ്രവൃത്തിയെ അവർ വിമർശിക്കരുത് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ അടുത്ത കാലത്തായി അവരെക്കുറിച്ച് വന്ന അശ്ലീലവും മോശവുമായ ഒന്നിനും അവർ മറുപടി നൽകിയില്ല. ഒരു രാഷ്ട്രീയ പാർട്ടി നേതാവ് ഉൾപ്പെടെ സംസാരിച്ചപ്പോൾ അവർ പ്രതികരിച്ചിരുന്നെങ്കിൽ ഞാൻ അത് സ്വാഗതം ചെയ്യുമായിരുന്നു. അതിനൊന്നും പ്രതികരിക്കാതെ എന്നോട് മാത്രം കടുത്ത പ്രതിഷേധം അറിയിച്ചതുകൊണ്ടാണ് എനിക്ക് വിഷമമായത്.
നിങ്ങൾ എന്തിനാണ് മാപ്പ് ചോദിച്ചതെന്ന് പലരും എന്നോട് ചോദിച്ചു’- പാർഥിപൻ വ്യക്തമാക്കി.പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യത്തിന് പാർഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്. ‘കുന്ദവെെയോട് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ നല്ലത്. വീടിന് പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്’-എന്നാണ് നടൻ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. പിന്നാലെ ഇതിൽ പ്രതികരിച്ച് തൃഷയും രംഗത്തെത്തിയിരുന്നു.
“ഒരു വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യർത്ഥന പ്രകാരം അവസാന നിമിഷം എന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതായി അടുത്തിടെ നടന്ന ഒരു പരിപാടിയുടെ സംഘാടകർ എന്നെ അറിയിച്ചു. ഒരു അഭിപ്രായത്തെ ബുദ്ധിപരമോ നർമ്മപരമോ ആക്കാൻ ഒരു മൈക്രോഫോണിന് സാധിക്കില്ല. അത് മണ്ടത്തരത്തെ കൂടുതൽ ഉച്ചത്തിലാക്കുന്നു. അറിവില്ലാത്ത അസഭ്യ വാക്കുകൾ അവർ ലക്ഷ്യമിടുന്ന വ്യക്തിയെക്കാൾ സംസാരിക്കുന്നയാളെക്കുറിച്ചാണ് കൂടുതൽ വെളിവാക്കുന്നത്”- എന്നായിരുന്നു തൃഷയുടെ പ്രതികരണം.



