‘മമ്മൂട്ടിക്കുപകരം ക്രോണിക് ബാച്ച്‌ലറിൽ ആ നടനെ അഭിനയിപ്പിച്ചൂടേ? നിർമാതാവിന്റെ ചോദ്യത്തിന് സിദ്ദിഖ് അന്ന് പറഞ്ഞത്’

മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 2023ലാണ് അദ്ദേഹം വിടപറഞ്ഞത്. നടനും സംവിധായകനുമായ ലാൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്ത പല ചിത്രങ്ങളും മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് സിദ്ദിഖിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.
സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. അവർ സംവിധാനം ചെയ്ത പല സിനിമകളും 100 ദിവസമൊക്കെ കഴിഞ്ഞ് ഒരു വർഷത്തിലേറെ തീയേറ്ററുകളിൽ ഓടിയിട്ടുമുണ്ട്. എന്നാൽ സിദ്ദീഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതോടെ സിദ്ദിഖിന് സിനിമയിൽ നിന്നും പല കയ്‌പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ വച്ച് ക്രോണിക് ബാച്ച്ലർ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങിയപ്പോൾ അതിന്റെ ആദ്യ നിർമാതാവായി എത്തിയത് ആൽവിൻ ആന്റണിയായിരുന്നു.
അതിന്റെ കഥയൊരുക്കുന്നതിനായി സിദ്ദിഖിന് ഒരു മാസത്തോളം ദുബായിൽ താമസിക്കേണ്ടി വന്നു. എന്നാൽ ആൽവിൻ ആന്റണി അപ്രതീക്ഷിതമായി ആ പ്രോജക്ടിൽ നിന്ന് പിൻമാറുകയായിരുന്നു.ഉടൻതന്നെ സിദ്ദിഖ് തന്റെ പഴയ വിതരണക്കാരനായ സ്വർഗചിത്ര അപ്പച്ചനെ സമീപിച്ചു. മമ്മൂട്ടിയാണെങ്കിൽ ഇപ്പോൾ തീയേറ്ററുകാർ പണം തരില്ലെന്നും പകരം ജയറാമിനെവച്ച് ചെയ്തുകൂടേയെന്ന് അയാൾ സിദ്ദീഖിനോട് ചോദിച്ചു. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. ലിബർട്ടി ബഷീർ സിനിമ ചെയ്യാമെന്ന് പറഞ്ഞു.
അപ്പോഴേയ്ക്കും സിദ്ദീഖ് സ്വന്തം പൈസ ഉപയോഗിച്ച് ഷൂട്ടിംഗ് ആരംഭിച്ചു. എന്നാൽ ലിബർട്ടി ബഷീറും കൈയൊഴിഞ്ഞു. അവസാനം സിദ്ദീഖ് തന്റെ ഉറ്റ സുഹൃത്തായ ലാലിനെ സമീപിക്കുകയായിരുന്നു. അപ്പോൾ ലാൽ ഒരു ഡിമാൻഡ് വച്ചു. മുകേഷിനുപകരം ഭാവനയുടെ ജോഡിയായി ദിലീപിനെ അഭിനയിപ്പിക്കണമെന്നായിരുന്നു ഡിമാൻഡ്. സിദ്ദിഖ് അതിനും മറുപടി പറഞ്ഞില്ല. പിന്നീട് സിദ്ദീഖിന് രക്ഷകനായി എത്തിയത് തന്റെ ഗുരുനാഥനായ സംവിധായകൻ ഫാസിലായിരുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു.



