News

‘ഞാൻ മതം മാറിയിട്ടില്ല, വിവാഹം കഴിച്ചത് ഹിന്ദുവിനെയാണ്; എന്താ ക്രിസ്ത്യാനിക്ക് പൊങ്കാലയിടാൻ പാടില്ലേ’

ആറ്റുകാൽ പൊങ്കാലയിട്ടതിന് പിന്നാലെ സീരിയൽ താരം ബീന ആന്റണിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. നടിയുടെ മതമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന്റെ പ്രശ്നം. നടി ആനിയുടെ വീട്ടിലെത്തിയാണ് ബീന ആന്റണി പൊങ്കാലയിട്ടത്. പൊങ്കാലയിട്ടതിന് പിന്നാലെ താങ്കൾ ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ എന്ന ചോദ്യങ്ങളാണ് ഉണ്ടായതെന്ന് ബീന പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് ബീന ആന്റണി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ബീന ആന്റണിയുടെ വാക്കുകളിലേക്ക് ‘ഇത്തവണ പൊങ്കാലയിടാൻ ഭാഗ്യം കിട്ടി. കുറേ വർഷങ്ങൾക്ക് ശേഷം ആനിയാണ് വിളിച്ചത്. ആനിയുടെ വീട്ടിൽ പോയി, നല്ല ഭംഗിയായി പൊങ്കാലയിടാൻ പറ്റി. ഞാൻ വിവാഹം കഴിച്ചത് ഒരു ഹിന്ദുവിനെയാണ്. ഞാൻ മതം മാറിയിട്ടില്ല. ക്രിസ്ത്യാനിയായിട്ടാണ് ജീവിക്കുന്നത്. എന്നുകരുതി പൊങ്കാലയിടാൻ പാടില്ലെന്നോ മുസ്ലീം പള്ളിയിൽ പോയി ഒരു ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നോ അല്ല.എല്ലാത്തിലും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വിവാഹത്തിന് മുൻപേ അങ്ങനെ വിശ്വസിക്കുന്ന ആളാണ്.

അപ്പച്ചനായിട്ടാണ് അങ്ങനെ വളർത്തിയത്. ഒരുപാട് വർഷം വീട്ടിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിലേക്ക് പോയ ആളാണ് അപ്പച്ചൻ. ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലെ എന്നൊക്കെയാണ് പൊങ്കാലയിട്ടതിന് ശേഷം വന്ന വിമർശനം. എന്തുകൊണ്ട് ബീന ആന്റണിക്ക് പറ്റില്ല. ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്തുന്നതൊന്നുമല്ല. ഇങ്ങനെയൊക്കെ കാണുമ്പോൾ ഭയങ്കര വിഷമമാണ് തോന്നുന്നത്.നമുക്ക് ആരേയും ബോധവത്ക്കരിക്കാനൊന്നും പറ്റില്ലല്ലോ. എങ്കിലും ഒരുപാട് വിഷമം തോന്നി. ആനിയും ഞാനും ക്രിസ്ത്യൻസാണ്. ആനി പിന്നെ മാറിയിട്ടുണ്ട്. ഞാൻ മാറിയിട്ടില്ല. അതിലൊരു ക്ലാരിറ്റി വരുത്താനുണ്ടായിരുന്നു. പിന്നെ ഞാൻ ബിജെപിയിലേക്ക് എന്ന ഒരു പോസ്റ്റും കണ്ടു. എന്റെ സ്വപ്നത്തിൽ പോലും അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല’- ബീന ആന്റണി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button