Cinema

ചെന്നൈയിൽ 31.5 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി നയൻതാരയും വിഘ്നേഷും

പുതിയ ആഡംബര വസതി സ്വന്തമാക്കി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. ചെന്നൈയിലെ അതിസമ്പന്ന മേഖലയായ പോയസ് ഗാർഡനിലാണ് 31.5 കോടി രൂപ വിലമതിക്കുന്ന ഡ്യൂപ്ലക്സ് അപ്പാർട്ട്‌മെന്റ താരദമ്പതികൾ വാങ്ങിയത്. പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകൾ ഉദ്ധരിച്ച് പ്രമുഖ വെബ്‌സൈറ്റായ ‘സാപ്കീ’ ആണ് വിവരം പുറത്തുവിട്ടത്.

വീടിന്റെ ഉടമസ്ഥാവകാശത്തിൽ സിംഹഭാഗവും നയൻതാരയുടെ പേരിലാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രോപ്പർട്ടിയുടെ 90 ശതമാനം ഓഹരി നയൻതാരയ്ക്കും ബാക്കി 10 ശതമാനം വിഘ്‌നേഷ് ശിവനുമാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു വസ്തുവിന്റെ രജിസ്‌ട്രേഷൻ നടന്നത്.ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡനിലുള്ള ലെഗസി എന്ന റെസിഡൻഷ്യൽ പ്രോജക്ടിലാണ് ആഡംബര വസതി സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ നാലും അഞ്ചും നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഡ്യൂപ്ലക്സ് ഫ്ളാറ്റ് 14,369 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.

ഏകദേശം എട്ട് കാറുകൾ വരെ ഇവിടെ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ചെന്നൈയിൽ മാത്രമല്ല ഹൈദരാബാദിലും കേരളത്തിലും നയൻതാരയ്ക്ക് സ്വന്തമായി ആഡംബര വസതികളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ മാത്രം 15 കോടി വീതം വിലമതിക്കുന്ന രണ്ട് വീടുകൾ താരത്തിനുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ കേരളത്തിലെ താരത്തിന്റെ തറവാടും ഏറെ പ്രശസ്തമാണ്. അനിൽ രാവിപുടി സംവിധാനം ചെയ്ത മന ശങ്കര വരപ്രസാദ് ഗാരു എന്ന തെലുങ്ക് ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

നിലവിൽ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലായി ഒരുപിടി വമ്പൻ പ്രോജക്ടുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന നയൻതാരയുടെ ‘ഡിയർ സ്റ്റുഡന്റ്സ്’, ‘പാട്ട്’, ‘പേട്രിയറ്റ്’ എന്നീ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. തെലുങ്കിൽ ‘മൂക്കുത്തി അമ്മൻ 2’, ‘മണ്ണാങ്കട്ടി സിൻസ് 1960’ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ. കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്കി’ലും പ്രധാന വേഷത്തിൽ നയൻതാര എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button