Cinema

ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യത്തിൽ തായ്‌ലൻഡിൽ കുടുങ്ങി നടി മീരാനന്ദനും ഭർത്താവ് ശ്രീജുവും

ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യത്തിൽ തായ്‌ലൻഡിൽ കുടുങ്ങി നടി മീരാനന്ദനും ഭർത്താവ് ശ്രീജുവും. 2026ലെ തങ്ങളുടെ ആദ്യത്തെ അവധിക്കാലം ആസ്വദിക്കാനാണ് ഇരുവരും തായ്‌ലാൻഡിലേക്ക് പോയത്. എന്നാൽ മടക്കയാത്രയ്‌ക്ക് സമയമായപ്പോഴാണ് അപ്രതീക്ഷിതമായി യുദ്ധവാർത്തകൾ പുറത്തുവന്നത്. വിമാനസർവീസുകൾ നിർത്തിവച്ചതിനെ തുടർന്ന് ഇരുവർക്കും മടങ്ങിവരാനാകാത്ത സ്ഥിതിയാണ്. അതേസമയം, സുഹൃത്തുക്കളും ബന്ധുക്കളും ഇന്ത്യയിലേക്ക് മടങ്ങാൻ നിർദേശിക്കുന്നുണ്ടെങ്കിലും യുഎഇയിലേക്ക് മടങ്ങാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവിടം തങ്ങൾക്ക് അത്രമാത്രം പ്രിയപ്പെട്ടതാണെന്നും നടി പറയുന്നു.

ഞങ്ങൾ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച ഓരോരുത്തർക്കും ആത്മാർത്ഥമായി നന്ദി പറയുന്നു. സത്യം പറഞ്ഞാൽ ഈ കരുതൽ ഞങ്ങൾക്കൊരാശ്വാസമാണ്. ഞങ്ങൾ ഇപ്പോൾ തായ്‌ലൻഡിലാണ്. എന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് ശേഷം ശ്രീജുവും ഞാനും ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചു. 2026 ലെ ഞങ്ങളുടെ ആദ്യ യാത്രയും ആദ്യത്തെ തായ്‌ലൻഡ് സന്ദർശനവുമായിരുന്നു. ഇതൊരു മികച്ച തീരുമാനമായിരുന്നു. ഇവിടെ ഞങ്ങൾ വളരെ മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പക്ഷേ, ഞങ്ങൾ തിരിച്ചുവരാൻ സമയമായപ്പോഴാണ് ആ നിർഭാഗ്യകരമായ വാർത്ത കേട്ടത്. അന്നുമുതൽ ഞങ്ങൾ യുഎഇയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. നിരവധി ആളുകൾ വിളിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, സത്യം പറഞ്ഞാൽ യുഎഇയിലേക്ക് മടങ്ങാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു സ്ഥലം ശരിക്കും വീട് പോലെ തോന്നുമ്പോൾ മാത്രമേ അത്തരമൊരു വികാരമുണ്ടാകൂ.എപ്പോൾ തിരിച്ചുപോകാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. തൽക്കാലം ഓരോ ദിവസവും പ്രത്യാശയോടെ മുന്നോട്ടുനീങ്ങുകയാണ്. കഴിഞ്ഞ പതിനൊന്നര വർഷമായി ഞാൻ യുഎഇയിലാണ് താമസിക്കുന്നത്.

ശ്രീജു വന്നിട്ട‌് ഏകദേശം ഒന്നര വർഷമായി. ശ്രീജുവിന് പോലും അവിടേക്ക് തിരിച്ചുപോകാൻ ഇത്രയധികം ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ യുഎഇ നൽകുന്ന സ്‌നേഹവും സുരക്ഷിതത്തബോധവും എത്രത്തോളമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.ഞങ്ങളുടെ വീടും നാടുമായി മാറിയതിന് യുഎഇക്ക് നന്ദി. യുഎഇ, ഈ രാജ്യത്തിന്റെ നേതാക്കൾക്കും, ഇതിനെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ച അവിശ്വസനീയരായ ആളുകൾക്കും നന്ദി. ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും. തിരികെയെത്താൻ ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാനാകില്ല’- മീരാനന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button