‘ദേവി വിളിച്ചു’; ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ച് അന്ന രാജൻ

ആറ്റുകാല്‍ പൊങ്കാല പുണ്യത്തിൽ പങ്കുചേർന്ന് അന്ന രാജൻ. ഇതാദ്യമായാണ് ആറ്റുകാൽ പൊങ്കാല അർപ്പിക്കാനായി നടി എത്തുന്നത്. ഒരുപാട് വർഷങ്ങളായി ആഗ്രഹിക്കുന്നതാണെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറയുന്നു.
‘‘കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല. ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്.
ഇന്നിപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ.’’–അന്ന രാജൻ പറഞ്ഞു.
അന്നയെ കൂടാതെ നടിമാരായ ചിപ്പി, ആനി തുടങ്ങിയ സിനിമാ–സീരിയൽ താരങ്ങളും പൊങ്കാല അർപ്പിക്കാൻ എത്തിയിട്ടുണ്ട്.
സംഘകാലപാരമ്പര്യത്തോളം പഴക്കമുള്ളതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതമാണ് തോറ്റമായി പാടുന്നത്. തലമുറകള്‍ കൈമാറി വന്ന പാട്ടും, കഥകളും ആറ്റുകാല്‍ ഉല്‍സവത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു.കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുരയെ ചുട്ടെരിച്ച കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്‍കി വരവേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിക്ക് ജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ചുവെന്നാണ്. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ സ്വരൂപമായാണ് ഭക്തര്‍ ദേവിയെ സങ്കല്‍പിച്ചാരാധിക്കുന്നത്. കുത്തിയോട്ടം താലപ്പൊലി തുടങ്ങി ക്ഷേത്രത്തിലെ ഓരോ വഴിപാടിന് പിന്നിലും ഓരോ കഥകളുണ്ട്. കാലംചെല്ലുന്തോറും നിറവും മധുരവുമേറുന്ന കഥകള്‍



