News

പെങ്കാലയ്ക്ക് ചിപ്പി എത്തിയേ..! എത്ര വ‍ർഷമായി എന്ന ചോദ്യത്തിന് മറുപടി, എല്ലാം നന്നായിട്ട് പോകണമെന്നുള്ള പ്രാർഥനയെന്നും താരം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. പൊങ്കാലയിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ചിപ്പിക്കും ഇല്ലായിരുന്നു.

ഇത്രയും വർഷം ഇടാമെന്ന് വച്ചിട്ടല്ലല്ലോ ഇടുന്നത് എന്നായിരുന്നു ചിപ്പിയുടെ മറുപടി. ഒരുപാട് പ്രാര്‍ത്ഥനകളോടെ എല്ലാ വര്‍ഷവും ഇടണമെന്ന് ആഗ്രഹമാണ് ഉള്ളത്. അതുകൊണ്ട് ഒരു കണക്ക് ഇതുവരെയും നോക്കീട്ടില്ല. ഇങ്ങനെയൊക്കെ ചോദ്യം വരുമ്പോഴാണ് ഇത്രയും വര്‍ഷം ആയല്ലോ എന്ന തോന്നല്‍ വരുന്നതെന്നും ചിപ്പി പറഞ്ഞു. എല്ലാം നന്നായിട്ട് പോകണമെന്നാണ് പ്രാര്‍ത്ഥനയെന്നും വലിയ സന്തോഷത്തിലാണെന്നും ചിപ്പി കൂട്ടിച്ചേർത്തു.

എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്ന് തന്നെയായിരുന്നു ചിപ്പി കഴിഞ്ഞ വർഷവും പറഞ്ഞത്. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത് എന്നും ചിപ്പി പറഞ്ഞിരുന്നു.

അതേസമയം, പൊങ്കാലയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും.

രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button