Cinema

കേരള സ്റ്റോറി 2′ തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: വിവാദ ചിത്രമായ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന് പ്രദർശനാനുമതി നൽകി കേരള ഹൈക്കോടതി. സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇന്നലെ രാത്രി വൈകി വാദം കേട്ടു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് റിലീസ് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. റീലിസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.

സിനിമയുടെ സർട്ടിഫിക്കേഷനെ എതിർക്കുന്ന ഹർജികൾ പൊതുതാൽപ്പര്യ ഹർജിയുടെ സ്വഭാവത്തിലുള്ളതാണെന്നും സിംഗിൾ ബെഞ്ചിന് അത് എങ്ങനെ കേൾക്കാൻ കഴിയുമെന്നും ഡിവിഷൻ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിന്റെ നടപടികൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ജസ്റ്റിസ് സുശ്രുത് എ.ധർമ്മാധികാരി, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു വാദം കേട്ടത്.

സിനിമയുടെ ടീസറിലെ ഉള്ളടക്കം പ്രഥമദൃഷ്ട്യാ പൊതുജീവിത ക്രമവും സമുദായ സൗഹാർദ്ദവും തകർക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തത്. സിനിമ കാണാൻ കോടതി സന്നദ്ധത അറിയിച്ചെങ്കിലും നിർമ്മാതാക്കൾ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമയെന്നാണ് നിർമ്മാതാക്കൾ അപ്പീലിൽ വാദിച്ചത്. കഥാപാത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാലാണ് ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്” എന്ന് പേരിട്ടതെന്നും ഇവർ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button