‘ബെഡ്റൂം തുറന്നപ്പോഴല്ല കണ്ടത്’; ഭർത്താവിന്റെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് നടി രശ്മി ബോബൻ

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് രശ്മി ബോബൻ.മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം അടുത്തിടെ റിലീസ് ചെയ്ത നിവിൻ പോളി ചിത്രം സർവ്വം മായയിലും രശ്മി അഭിനയിച്ചിരുന്നു.
മലയാളത്തിലെ പ്രശസ്തനായ സംവിധായകന് ബോബന് സാമുവലാണ് നടിയുടെ പങ്കാളി. ഒന്നിച്ച് ഒരു സീരിയലിൽ പ്രവർത്തിക്കുമ്പോഴായിരുന്നു രശ്മിയുടെയും ബോബന്റെയും വിവാഹം. ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ലെന്ന് പണ്ട് ഒരഭിമുഖത്തിൽ രശ്മി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ പരാമർശത്തിൽ അന്ന് ലഭിച്ച വിമർശനങ്ങൾക്ക് നടി വീണ്ടും മറുപടി നൽകിയിരിക്കുകയാണ്.
ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.’അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നതെന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർടിസ്റ്റാണ്. അതൊരു കഥാപാത്രമാണ്.
ആ കഥ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്. അത്രയേയുള്ളൂ.ഞങ്ങളുടെ വിവാഹത്തിൽ പലരും വിയോജിപ്പ് കാണിച്ചിട്ടുണ്ട്. നിനക്ക് പറ്റിയ ആളല്ലെന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹമെന്ന് പറയുന്നത് പൂമെത്തക്ക് മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നുവെന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്’-രശ്മി പറഞ്ഞു.



