‘രാജുവേട്ടൻ മെസേജ് അയച്ചാൽ മറുപടി തരില്ല’; സാഗർ സൂര്യയുടെ പരാതിക്ക് മാസ് മറുപടിയുമായി മല്ലിക സുകുമാരൻ

കൊച്ചി: ബോക്സ് ഓഫീസിൽ തരംഗമായി മാറുന്ന ‘പ്രകമ്പനം’ സിനിമയുടെ വിജയാഘോഷ വേദിയിൽ ചിരി പടർത്തി നടൻ സാഗർ സൂര്യയും നടി മല്ലികാ സുകുമാരനും. ചിത്രത്തിൽ മല്ലികാ സുകുമാരന്റെ കഥാപാത്രത്തിന്റെ പ്രേതം ബാധിച്ചയാളായാണ് സാഗർ സുര്യ വേഷമിട്ടത്. എന്നാൽ ഓഫ് സ്ക്രീനിൽ ഇരുവരും തമ്മിലുള്ള രസകരമായമ സംഭാഷണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ആഘോഷങ്ങൾക്കിടെ പൃഥ്വിരാജിനെക്കുറിച്ച് സാഗർ സൂര്യ മല്ലികാ സുകുമാരനോട് കൊച്ചുപരാതി പറഞ്ഞു. ‘രാജുവേട്ടൻ എന്നെ മൈൻഡ് ചെയ്യുന്നില്ല, മെസേജ് അയച്ചിട്ട് മറുപടി പോലും തരുന്നില്ല,’ തമാശരൂപേണ സാഗർ നടി മല്ലികയോട് പറയുന്നു. മകന്റെ തിരക്കുകളെക്കുറിച്ച് അറിയാവുന്ന മല്ലിക സാഗറിന്റെ പരാതിക്ക് ഉടൻ മറുപടി പറയുകയും ചെയ്തു. പൃഥ്വിരാജ് ഇപ്പോൾ എസ്എസ് രാജമൗലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ വാരാണസിയുടെ തിരക്കിലാണെന്ന് മല്ലിക വെളിപ്പെടുത്തി.’രാജു ഇപ്പോൾ രാജമൗലി സാറിന്റെ സെറ്റിലാണ്.
ഒരു മലയുടെ മുകളിലാണ് ലൊക്കേഷൻ. അങ്ങോട്ട് പോകാൻ ലിഫ്റ്റൊക്കെയുണ്ട്. മോൻ പോയി കാണണം ആ സെറ്റ്. അവർക്ക് പൈസയ്ക്കൊന്നും വലിയ പ്രശ്നമില്ല, അതുകൊണ്ടാവാം മലയുടെ മുകളിലൊക്കെ പോകാൻ ലിഫ്റ്റ് ഉണ്ടാക്കിയത്,’ മല്ലികാ സുകുമാരൻ പറഞ്ഞു. രാജമൗലി ചിത്രത്തിന്റെ ലൊക്കേഷനെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും മല്ലിക സംസാരിച്ചപ്പോൾ വേദിയിൽ ചിരി പടർന്നു. പൃഥ്വിരാജിന്റെ പ്രോജക്ടുകളെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുികളായിട്ടാണ് ഇത് മാറിയത്.



