News

യൂട്യൂബര്‍ സായ് കൃഷ്ണയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ 

സീക്രട്ട് ഏജന്‍റ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ സായ് കൃഷ്ണയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും ചിലത് വ്യാജമാണെന്നും ആരോപിച്ച് സായ് കൃഷ്ണ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സത്യഭാമ, സായ് കൃഷ്ണക്കെതിരെ അസഭ്യവർഷങ്ങൾ നിറച്ചാണ് സംസാരിച്ചത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. വിമർശനങ്ങൾ അന്തസുള്ള ഭാഷയിൽ ആകണമെന്നു പറയുന്ന സരിത സായ് കൃഷ്ണ പറഞ്ഞതിനെ ന്യായീകരിക്കുന്നുമില്ല.

സരിത ബാലകൃഷ്ണന്‍റെ വാക്കുകള്‍ ഇങ്ങനെ

‘പാപങ്ങൾ കഴുകിക്കളയാൻ ‘സായി കൃഷ്ണ’ എന്ന ഡിറ്റർജന്റ്! ഇന്ത്യയിലെ ഏറ്റവും വലിയ പുണ്യതീർത്ഥം ഗംഗയാണെന്നാവും നിങ്ങളുടെ ഒക്കെ വിചാരം. തെറ്റി! അത് നമ്മുടെ സോഷ്യൽ മീഡിയയാണ്. ഇവിടെ ഏത് കൊടും പാപിയും ഒറ്റ ദിവസം കൊണ്ട് വിശുദ്ധനാകും;ആദ്യം തന്നെ പറയട്ടെ, സായി കൃഷ്ണ (സീക്രട്ട് ഏജന്റ്) എന്ന വ്യക്തി അച്ചായനെതിരെ നടത്തിയ വിമർശനങ്ങളോടോ, അതിന് അദ്ദേഹം സ്വീകരിച്ച വഴികളോടോ എനിക്ക് യാതൊരു യോജിപ്പുമില്ല. അച്ചായനെപ്പോലെ ജനങ്ങൾക്ക് പ്രിയപ്പെട്ട ഒരാളെ അനാവശ്യമായി ടാർഗെറ്റ് ചെയ്തതിൽ എനിക്കും ശക്തമായ വിയോജിപ്പുണ്ട്. വിമർശനം ആകാം, ഇതൊരു ജനാധിപത്യ രാജ്യമാണ്. പക്ഷേ, അത് അന്തസ്സുള്ള ഭാഷയിലായിരിക്കണം.

കഴിഞ്ഞ മാസം നമ്മൾ കണ്ടതാണ് ആ “മഹതിയെ”. എന്റെ സുഹൃത്തായ സ്നേഹയെ നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും അധിക്ഷേപിച്ചപ്പോൾ, സാംസ്കാരിക കേരളം ഒന്നാകെ ആ സ്ത്രീയെ ‘എയറിൽ’ നിർത്തി പഞ്ഞിക്കിട്ടതാണ്. എന്നാൽ, സായി കൃഷ്ണയോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി, നമ്മൾ ഇപ്പോൾ കൂട്ടുപിടിച്ചിരിക്കുന്നത് ആരെയാണ്? നിറവും ശരീരവും നോക്കി മാർക്കിടുന്ന ആ പഴയ നാവിനെ തന്നെ! ഇത്തവണ അത് ചിലച്ചത് സായി കൃഷ്ണയ്ക്കെതിരെയാണെന്ന് മാത്രം.

അവർ വന്ന് സായി കൃഷ്ണയെ “സോഷ്യൽ അനിമൽ” എന്നും “മുതുവാഴ” എന്നുമൊക്കെ വിളിച്ചപ്പോൾ, അച്ചായനെ സ്നേഹിക്കുന്ന പലരും അറിയാതെ കയ്യടിച്ചുപോയി. “ശത്രുവിന്റെ ശത്രു മിത്രം” എന്ന ലളിതമായ യുക്തി!പക്ഷേ സുഹൃത്തുക്കളെ, ഉപയോഗിക്കുന്ന വാക്കുകളാണ് ഒരാളുടെ സംസ്കാരം!നമ്മൾ വെറുക്കുന്ന ഒരാളെയാണ് അവർ ചീത്ത വിളിക്കുന്നത് എന്നത് കൊണ്ട് മാത്രം, ആ വാക്കുകൾ സംസ്കാരമുള്ളതായി മാറുന്നില്ല. സ്നേഹയെ അപമാനിക്കാൻ ഉപയോഗിച്ച അതേ നാവ് തന്നെയാണ്, അതേ സംസ്കാരശൂന്യമായ ഭാഷ തന്നെയാണ് ഇപ്പോഴും അവർ ഉപയോഗിക്കുന്നത്.

ഇര മാറി എന്നത് കൊണ്ട് വേട്ടക്കാരൻ വിശുദ്ധനാകുന്നില്ല.സായി കൃഷ്ണ ചെയ്തത് തെറ്റാണെങ്കിൽ, അതിനുള്ള മറുപടി മാന്യമായി കൊടുക്കാൻ അച്ചായനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും അറിയാം. അതിന് ഈ ‘തരംതാണ പദപ്രയോഗങ്ങൾ’ നടത്തുന്നവരുടെ വക്കാലത്ത് നമുക്ക് ആവശ്യമുണ്ടോ? ഒരാളെ വിമർശിക്കാൻ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, നമ്മൾ ആരാണെന്നാണ് കാണിക്കുന്നത്, എതിരാളി ആരാണെന്നല്ല!

സായി കൃഷ്ണയോടുള്ള ദേഷ്യം തീർക്കാൻ, പഴയ ‘ബോഡി ഷെയിമിങ് റാണിയെ’ നമ്മൾ തലയിലേറ്റുമ്പോൾ ഒന്നോർക്കുക-നാളെ ഇതേ ഭാഷ അവർ നമുക്ക് പ്രിയപ്പെട്ടവർക്കെതിരെയും ഉപയോഗിക്കും. അന്ന് ഈ കയ്യടിച്ച് തഴമ്പിച്ച കൈകൾ കൊണ്ട് നമ്മൾ തലയിൽ അടിക്കേണ്ടി വരും, ലൈക് അമർത്തിയ വിരലുകൾ ഓടിച്ചു കളയാൻ തോന്നും.അച്ചായനോടുള്ള സ്നേഹം മൂത്ത്, സായി കൃഷ്ണയോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി മാത്രം നമ്മൾ വീണ്ടും ആ സ്ത്രീക്ക് കയ്യടിക്കുമ്പോൾ, തോൽക്കുന്നത് നമ്മുടെ ഓർമ്മശക്തിയാണ്.

വിമർശനം ആകാം, വിയോജിപ്പുകൾ ആകാം. പക്ഷേ, സംസ്കാരം വിറ്റുകൊണ്ടുള്ള ഈ കളി… അത് നമുക്ക് വേണ്ട!ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ കാര്യം: നിങ്ങൾ ബോഡി ഷെയിമിങ് നടത്തിയ ആളാണോ? സ്ത്രീവിരുദ്ധയാണോ? ആളുകൾ വെറുക്കുന്ന ഒരാൾ ആണോ എങ്കിൽ പേടിക്കണ്ട. വേഗം പോയി സായി കൃഷ്ണയെ രണ്ട് തെറി വിളിക്കുക സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുക, അതോടെ പഴയ പാപങ്ങൾ ഒക്കെ ‘ഫളും’ എന്ന് പറഞ്ഞ് ഒഴുകി പോകും. പഴയ തെറ്റുകൾ എല്ലാം ജനം മറക്കും. നിങ്ങൾ പെട്ടെന്ന് ‘മാസ്’ ആകും. സായി കൃഷ്ണ എന്ന ‘ഡിറ്റർജന്റ്’ ഉള്ളിടത്തോളം കാലം, ആർക്കും ഇവിടെ വിശുദ്ധരാകാം!”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button