ഗ്രൂപ്പ് സെൽഫി, നിലത്തിരിക്കാൻ ഇന്ദ്രൻസ്, എഴുന്നേല്പ്പിച്ച് മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നണിയിൽ തയ്യൽക്കാരനായി പ്രവർത്തിച്ച് ഇന്ന് മോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. കോമഡി വേഷങ്ങൾ ചെയ്തായിരുന്നു ഇന്ദ്രൻസ് എന്ന നടന്റെ തുടക്കം. പിന്നീട് മനുഷ്യ മനസിനെ പിടിച്ചുലയ്ക്കുന്ന ക്യാരക്ടർ റോളുകളും ചെയ്യാൻ സാധിക്കുമെന്ന് നടൻ കാട്ടിത്തന്നു. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവർ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ചേർത്ത് നിർത്തിയ കാഴ്ച മലയാളികൾ കണ്ടതാണ്. നിലവിൽ ഇന്ദ്രൻസും മമ്മൂട്ടിയും തമ്മിലുള്ളൊരു സെൽഫി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കടക്കം കാരണമായിരിക്കുകയാണ്.
ആശാൻ എന്ന ഇന്ദ്രൻസിന്റെ പുതിയ പടത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയതായിരുന്നു മമ്മൂട്ടി. വേദിയിൽ വച്ച് ഇന്ദ്രൻസിന്റെ പ്രകടനങ്ങളെ പ്രശംസിച്ച് മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ചടങ്ങിന് അവസാനം എല്ലാവരുമായി ഗ്രൂപ്പ് സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു മമ്മൂട്ടി. ഓടി എത്തിയ ഇന്ദ്രൻസ് പക്ഷേ നിലത്ത് ഇരിക്കാനാണ് ശ്രമിച്ചത്.
ഉടൻ തന്നെ മമ്മൂട്ടി അദ്ദേഹത്തെ എഴുന്നേൽക്കാൻ പറയുകയും ശേഷം ഫോട്ടോ എടുക്കുകയും ചെയ്തു. ‘എഴുന്നേൽക്ക്.. അപ്പോഴേ കിട്ടൂ’, എന്നാണ് മമ്മൂട്ടി പറയുന്നതെന്നാണ് ലിപ്സിങിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ മമ്മൂട്ടി ഇന്ദ്രൻസിനോട് ദേഷ്യപ്പെട്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ. ഒപ്പം ഇന്ദ്രൻസിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇന്ദ്രൻസിനെ വിമർശിക്കുന്നതിനൊപ്പം അദ്ദേഹം സപ്പോർട്ട് ചെയ്ത് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. സെൽഫിക്കായി കുഞ്ഞ് കുട്ടികളടക്കം ഉണ്ടായിരുന്നുവെന്നും ഇവരെ മറയണ്ടെന്ന് കരുതിയാകാം ഇന്ദ്രൻസ് അങ്ങനെ ചെയ്തതെന്നുമാണ് ഇവർ പറയുന്നത്. ഇതിൽ ആവശ്യമില്ലാതെ പ്രശ്നങ്ങളുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണെന്നും പറയുന്നവർ ധാരാളമാണ്. അതേസമയം, ഇന്ദ്രൻസിനെ വേദിയിൽ വച്ച് മമ്മൂട്ടി വാനോളം പുകഴ്ത്തിയിരുന്നു. പല സിനിമകളുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ പ്രശംസ.



