ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ദാമ്പത്യത്തിലെ ആ രഹസ്യം വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ

അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ്. അവരുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇരുപത്തിയഞ്ച് വർഷത്തെ വിവാഹജീവിതത്തിൽ നിന്നുള്ള ഒരു തമാശ ഓർമ പങ്കുവച്ച അക്ഷയ് കുമാറിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘വീൽ ഓഫ് ഫോർച്യൂൺ’ എന്ന പരിപാടിയിൽ നടി ജനീലിയ ഡിസൂസയും ഭർത്താവ് റിതീഷ് ദേശ്മുഖും അതിഥികളായി എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ തമാശ. ഭാര്യയ്ക്ക് ദേഷ്യം വന്നാൽ അത് തനിക്ക് രാത്രി കിടക്കുമ്പോഴാണ് മനസ്സിലാകുന്നതെന്ന് പറഞ്ഞ അക്ഷയ്, താൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും, കാരണം ട്വിങ്കിൾ കിടക്കയിൽ വെള്ളം ഒഴിച്ചുവയ്ക്കുമെന്നാണ് തമാശയായി പറഞ്ഞത്.
അക്ഷയ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
‘എന്റെ ഭാര്യയ്ക്കു ദേഷ്യം വന്നാൽ അന്ന് രാത്രി ഉറങ്ങാനെത്തുമ്പോൾ മനസ്സിലാകും. ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും. കാരണം അവൾ കിടക്കയിൽ വെള്ളമൊഴിച്ചു വയ്ക്കും.’
അക്ഷയ് കുമാറിന്റെ വാക്കുകൾ കേട്ട് റിതീഷും ജനീലിയയും ചിരിക്കുന്നതും പരിപാടിയിലെ ദൃശ്യങ്ങളിൽ കാണാം. ജനുവരി 27 മുതൽ അക്ഷയ് കുമാർ അവതാരകനായി എത്തുന്ന ‘വീൽ ഓഫ് ഫോർച്യൂൺ’ പ്രേക്ഷകർക്ക് മുന്നിലെത്തും. അമേരിക്കയിൽ ഏറെ ജനപ്രിയമായ അതേ പേരിലുള്ള ഷോയുടെ ഇന്ത്യൻ പതിപ്പാണ് ഇത്.



