പൊലീസ് വേഷത്തിൽ മോഹൻലാൽ, തരുൺമൂർത്തി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാലിന്റെ കാരക്ടർ ഫസ്റ്റ് ലുക്ക് പുറത്ത്. പൊലീസ് യൂണിഫോമിൽ വീട്ടിലെത്തുന്ന ലുക്കിലുള്ള മോഹൻലാലിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത്. ടി.എസ്. ലവ്ലജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹം എന്നാണ് കഥാപാത്രത്തെ പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതു വരെ പേരിടാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. മീര ജാസ്മനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽദാസ്,, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, സഹസംവിധാനം ബിനു പപ്പു, മേക്കപ്പ് റോണെക്സ് സേവ്യർ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.



