വിജയ് ആരാധകർക്ക് നിരാശ; ‘ജനനായകൻ’ റിലീസ് നീളും

വിജയ് ചിത്രം ‘ജന നായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിധി ഈയാഴ്ചയുമില്ല. മദ്രാസ് ഹൈക്കോടതി നാളെയും ഉത്തരവ് പറയില്ല. തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി കൂടിയായതിനാൽ ജന നായകൻ റിലീസ് ഇനിയും നീളും. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ എത്തിയത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. എച്ച് വിനോദ് ആണ് ചിത്രം സമവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം



