‘ഞാൻ വളർന്നത് സിനിമാ മാഗസീൻ വായിച്ചല്ല, കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോട് ഭ്രാന്തായിരുന്നു’; പൃഥ്വിരാജ്

മലയാളികൾ മാത്രമല്ല ഇന്ത്യയിലുടനീളം ആരാധകരുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും കഴിവുതെളിയിച്ചിട്ടുള്ള അദ്ദേഹത്തിന് സ്പോർട്സിനോടും വലിയ താൽപ്പര്യമാണ്. കേരള സൂപ്പർ ലീഗിൽ ഒരു ഫുട്ബോൾ ടീമിന്റെ ഉടമയായിട്ടുകൂടി അദ്ദേഹത്തിന് താൽപ്പര്യം ക്രിക്കറ്റിനോടാണ്. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടുള്ള താൽപ്പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ജനുവരി 31ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ട്വിന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട ചടങ്ങിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ഷൂട്ടിംഗിനിടയിൽ സമയം കണ്ടെത്തി ടിക്കറ്റ് ലോഞ്ചിംഗ് വയ്ക്കാൻ തീരുമാനിച്ചതിന് നന്ദി. ഒരുപാട് സന്തോഷമുണ്ട്. കാരണം, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാനയും വെള്ളിനക്ഷത്രവും വായിച്ചാണ് വളർന്നതെന്ന് പറഞ്ഞു. പക്ഷേ, ഞാൻ വിസ്ഡെൻ (ക്രിക്കറ്റ് മാഗസീൻ) വായിച്ചാണ് വളർന്നത്. കുട്ടിക്കാലം മുതൽ അത്രയും ക്രിക്കറ്റ് പ്രാന്തനായിരുന്നു ഞാൻ. ഒരു ഫുട്ബോൾ ടീമിന്റെ ഉടമസ്ഥനായിട്ടും കേരള സൂപ്പർ ലീഗിന്റെ ലോഞ്ചിന് ക്രിക്കറ്റ് ആണെന്റെ സ്പോർട്സ് പാഷനെന്ന് വേദിയിൽ പറഞ്ഞ ആളാണ്.
ഞാനും ഭാര്യയും പ്രേമിക്കുന്ന സമയത്ത് അവളെനിക്ക് ആദ്യമായി വാങ്ങിത്തന്ന ഗിഫ്റ്റുകളിൽ ഒന്ന് ഗ്രേ നിക്കോൾസിന്റെ ബാറ്റാണ്. അതിപ്പോഴും വീട്ടിലുണ്ട്.നമ്മുടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയം എല്ലാരീതിയിലും ഇന്റർനാഷണൽ ക്രിക്കറ്റ് വെന്യൂ എന്ന രീതിയിൽ അംഗീകരിക്കപ്പെടേണ്ടതാണ്. വാംഖഡേ സ്റ്റേഡിയം പോലെ ഒരു ഐക്കോണിക് ക്രിക്കറ്റ് വെന്യൂ ആയിമാറാൻ പറ്റിയ ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണിത്. എന്റെ ലൂസിഫർ സിനിമയിലെ ഒരു സീൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.
വരുംകാലങ്ങളിൽ ബിസിസിഐയും ഐസിസിയും ചേർന്ന് സ്റ്റേഡിയത്തെ പരിഗണിക്കണം. വല്ലപ്പോഴും ഒരു ഇന്റർനാഷണൽ മാച്ച് എന്നതിന് പകരം ഇന്ത്യയിൽ എപ്പോൾ ഇന്റർനാഷണൽ മാച്ചുകൾ ഉണ്ടാകുമോ അപ്പോഴെല്ലാം ഒരു മാച്ചെങ്കിലും ഇവിടെ വച്ച് നടക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കിൽ ജനുവരി 31ന് ക്രിക്കറ്റ് കാണാൻ ഞാനും എത്തിയേനെ. ടിക്കറ്റ് ലോഞ്ച് ചെയ്യാൻ പറ്റിയതിൽ സന്തോഷം. നിറഞ്ഞ ഗ്യാലറികളായിരിക്കട്ടെ. മലയാളികളുടെയും തിരുവനന്തപുരത്തുകാരുടെയും ക്രിക്കറ്റ് ആവേശം എന്താണെന്ന് ജനുവരി 31ന് കാണാം’ – പൃഥ്വിരാജ് പറഞ്ഞു.



