Cinema

‘മാതാപിതാക്കൾക്കൊപ്പമിരുന്ന് കാണാൻ പറ്റാത്ത ഒരു രംഗവും സിനിമയിൽ ചെയ്യില്ല’; വൈറലായി യഷിന്റെ പഴയ അഭിമുഖം

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്‌സിക്കിന്റെ ടീസർ എത്തിയതുമുതൽ വിവാദങ്ങളും വിമർശനങ്ങളും ശക്തമാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ടീസറിലെ ഹോട്ട് രംഗങ്ങളും ആക്ഷൻ സീനുകളുമാണ് വിവാദങ്ങൾക്ക് കാരണമായത്. ചിത്രത്തിലെ യാഷിന്റെ ഇൻട്രോ സീനും ഗീതു മോഹൻദാസിന്റെ മുൻ നിലപാടുകളും ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. ഇതിനിടെ യഷിന്റെ പഴയൊരു അഭിമുഖവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ടീസറിൽ യഷിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നതിന് മുൻപായി ഒരു ഇന്റിമേറ്റ് രംഗമുള്ളതാണ് ചർച്ചകളിൽ നിറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് യഷിന്റെ പഴയ അഭിമുഖം ശ്രദ്ധനേടുന്നത്. തന്റെ മാതാപിതാക്കൾക്കൊപ്പമിരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു രംഗവും സിനിമയിൽ ചെയ്യില്ലെന്നാണ് പണ്ടത്തെ അഭിമുഖത്തിൽ യഷ് പറയുന്നത്. ഇത് കുത്തിപ്പൊക്കിയാണ് ചിലർ യഷിനെതിരെ വിമർശനം ഉന്നയിക്കുന്നത്. എന്നാലത് വർഷങ്ങൾക്ക് മുൻപുള്ള നടന്റെ അഭിപ്രായമാണെന്നും കാലത്തിനനുസരിച്ച് അത് മാറാമെന്നുമാണ് താരത്തെ പിന്തുണച്ച് അഭിപ്രായമുയരുന്നത്.

കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ മാർച്ച് 19നാണ് റിലീസ് ചെയ്യുന്നത്. ടോക്സിക്കിൽ നായകൻ മാത്രമല്ല യഷ് സഹതിരക്കഥാകൃത്തും സഹനിർമ്മാതാവും ആണ്. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button