അശ്ലീല ദൃശ്യങ്ങള്‍’; ‘ടോക്സിക്’ ടീസറിനെതിരെ വനിതാ കമ്മീഷനിൽ പരാതി

ബെംഗളൂരു: യാഷ് നായകനായ കന്നഡ ചിത്രം ടോക്സിക്കിന്റെ ടീസറിനെതിരെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു. സാമൂഹിക ധാർമ്മികത സംരക്ഷിക്കുന്നതിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ഈ നീക്കം ആവശ്യമാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
പ്രായപരിധിയോ മുൻകരുതൽ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പുറത്തിറക്കിയതെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയില്‍ പറഞ്ഞു. ആം ആദ്മി സംസ്ഥാന സെക്രട്ടറി ഉഷാ മോഹനാണ് പരാതി നൽകിയത്. വനിതാ കമ്മീഷൻ ഉടൻ ഇടപെടണമെന്നും ടീസർ പിൻവലിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങളുടെ പൊതുപ്രചരണം തടയാൻ കർശനമായ നിയമങ്ങൾ രൂപീകരിക്കണമെന്നും അവർ അധികാരികളോട് ആവശ്യപ്പെട്ടു.
പരാതിയെ തുടർന്ന്, കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു (സിബിഎഫ്‌സി) വിഷയത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് കത്തെഴുതി. നിയമങ്ങൾക്കനുസൃതമായി ടീസർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കാനും സിബിഎഫ്‌സിയോട് അഭ്യർത്ഥിച്ചു. ജനുവരി 8 ന് യാഷിന്റെ 40-ാം ജന്മദിനത്തിലാണ് ടോക്സിക്കിന്റെ ടീസർ പുറത്തിറങ്ങിയത്.



