ടോക്‌സിക് വിവാദത്തിൽ ഗീതു മോഹൻദാസിന്റെ മറുപടി, ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

യാഷ് നായകനായെത്തുന്ന കന്നട ചിത്രം ടോക്‌സിക്കിന്റെ ടീസർ പുറത്തുവന്നതിനു പിന്നാലെ വലിയ വിമർശനമാണ് അതിന്റെ സംവിധായകയായ ഗീതുമോഹൻദാസിനെതിരെ ഉയരുന്നത്. പുറത്ത് വന്ന ടീസറിലെ ഇന്റിമേറ്റ് രംഗങ്ങളാണ് ഇതിന് കാരണം. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ സ്‌ത്രീവിരുദ്ധതയെ ചോദ്യം ചെയ്‌ത വ്യക്തി സ്വന്തം ചിത്രത്തിൽ സ്‌ത്രീവിരുദ്ധയെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിലാണ് സൈബറിടത്തെ ചർച്ചകൾ.
ഈ വിവാദങ്ങൾക്ക് മറുപടിയുമായി റിമ കല്ലിംഗൽ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയെങ്കിലും ഗീതു മോഹൻദാസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ താരം ഇപ്പോൾ ഫേസ് ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു പോസ്‌റ്റ് വിവാദങ്ങൾക്കുള്ള മറുപടിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ‘ഇപ്പോൾ ഞാനത് പറഞ്ഞു കഴിഞ്ഞു’ എന്ന കാപ്‌ഷനോടെയാണ് റിമ കല്ലിംഗൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് താരം പങ്കുവച്ചത്.
‘സ്ത്രീകളുടെ ലൈംഗികാനന്ദം, കൺസെന്റ്, അധികാരത്തെ നിയന്ത്രിക്കുന്ന രീതി എന്നിവയെക്കുറിച്ച് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിൽ ചെയ്യുകയാണ്’- ഗീതു പങ്കുവച്ച പോസ്‌റ്റിന്റെ ഉള്ളടക്കം.ടോക്‌സിക് ചിത്രത്തിന്റെ പേരിൽ കസബ സിനിമയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ ഉൾപ്പടെ പരസ്യവിമർശനം നടത്തിയതിന് പിന്നാലെയാണ് ഗീതുവിന്റെ മറുപടി. കപടവ്യക്തിത്വങ്ങൾ ആദർശങ്ങൾ മറക്കുമ്പോൾ ഇരട്ടത്താപ്പ് വെളിപ്പെടുമെന്നായിരുന്നു നിതിന്റെ വിമർശനം.’
നിങ്ങളിലെ ‘ദിവ്യ വചനം’ നിങ്ങളുടെ ‘കപട’ വ്യക്തിത്വം മറക്കുമ്പോൾ ഇരട്ടത്താപ്പ് പൂത്തുലയുന്നു. പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാവില്ലെന്ന് ഞാൻ ആഗ്രഹിക്കുന്നു). എന്നിട്ടും, ഇതിന്റെയെല്ലാം അനന്തരഫലങ്ങളിൽ (അലങ്കോലപ്പെട്ടതും അർഹിച്ചതുമായ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് ഒരുകാര്യം സമ്മതിക്കാം. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’.- എന്നാണ് നിതിൻ രഞ്ജിത്ത് പണിക്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.



