മിനിറ്റിന് ഒരു കോടി; പുതുവർഷത്തിൽ റെക്കോർഡ് പ്രതിഫലവുമായി തമിഴ് നടി

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരുമായി തട്ടിച്ച് നോക്കുമ്പോള്‍ ബഹുദൂരം പിന്നിലാണ് നായികമാര്‍. ഈ വിഷയത്തില്‍ കാലങ്ങളായി ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. തിയറ്ററിലേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പ്രതിഫലം നിശ്ചയിക്കപ്പെടുന്നതെന്നും അതില്‍ ലിംഗവ്യത്യാസത്തിന് പ്രാധാന്യമില്ലെന്നും സൂപ്പര്‍താരം ആമിര്‍ ഖാന് ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയില്‍ ഉള്‍പ്പെടെ മുഖം കാണിച്ചിട്ടുള്ള തെന്നിന്ത്യന്‍ സിനിമകളിലെ സജീവ സാന്നിദ്ധ്യമായ ഒരു നടി വാങ്ങിയ പ്രതിഫലമാണ് അമ്പരപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ സുപരിചിതയായ തമന്ന ഭാട്ടിയയാണ് ആ നായിക. ഒരു നൃത്ത പരിപാടിയില്‍ പങ്കെടുത്തതിന് തമന്ന കൈപ്പറ്റിയ പ്രതിഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
മിനിറ്റിന് ഒരു കോടി രൂപ വീതം എന്ന കണക്കില്‍ ആറ് മിനിറ്റ് ഷോയ്ക്ക് ആറ് കോടി രൂപ താരം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗോവയില്‍ സങ്കടിപ്പിച്ച ഒരു പരിപാടിയില്‍ നൃത്തം ചെയ്യാനാണ് താരം എത്തിയത്. താരത്തിന്റെ നൃത്തത്തിന് പ്രത്യേക ആരാധക കൂട്ടം തന്നെയുണ്ട്. തെന്നിന്ത്യയില്‍ ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന മറ്റൊരു നായികയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
നിലവില്‍ ബോളീവുഡ് ചിത്രങ്ങളില്‍ സജീവമാണ് തമന്ന.2025 ഡിസംബര്‍ 31ന് ഗോവയിലെ ബാഗ ബീച്ചില്‍ വച്ചായിരുന്നു തമന്നയുടെ പ്രോഗ്രാം. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അരണ്‍മനൈ 4 ആണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം സുന്ദര്‍, തമന്ന ഭാട്ടിയ, റാഷി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.



