News

‘മക്കള്‍ക്ക് വീട് നല്‍കിയതിന് നന്ദി പക്ഷേ’; കിച്ചുവിന്റെ പ്രതികരണത്തിന് മറുപടിയുമായി രേണു സുധി

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസിനെയും പലർക്കുമറിയാം. കൊല്ലം സുധിക്കു വേണ്ടി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് പണിതു നൽകിയ വീടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടുത്തിടെ ഉയർന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കിച്ചു നടത്തിയ പ്രതികരണവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതുവരെ വീടു വെച്ചു തന്നവർക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും അവരോട് യാതൊരു പ്രശ്‍നവും ഇല്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി.

”കിച്ചുവിന്റെയും റിതപ്പന്റെയും വീടാണ് അത്. എനിക്ക് യാതൊരുവിധ അവകാശവുമില്ല. എന്റെ പേരന്‍സിന് പ്രായമായി വരികയാണ്. അവര്‍ക്ക് ജോലിക്ക് പോവാനൊന്നും പറ്റുന്ന അവസ്ഥയല്ല. ഞാന്‍ ഈ ഷൂട്ടിനും കാര്യങ്ങള്‍ക്കുമൊക്കെ പോവുമ്പോള്‍ എന്റെ ഇളയ മകനെ നോക്കണം. അവനെ നോക്കാന്‍ വേറെയാരുമില്ല. എന്റെ അച്ഛനും അമ്മയും അവനെ നോക്കിക്കോളും.

പൈസ കൊടുത്ത് ഒരാളെ നിര്‍ത്തേണ്ടതില്ല. അതാണ് അവര്‍ അവിടെ നില്‍ക്കുന്നത്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം? ഇളയ മകന് 18 വയസായി കഴിഞ്ഞാലേ ആ വീട് എങ്ങനെയെന്ന് തീരുമാനിക്കാന്‍ കഴിയൂ. അങ്ങനെയാണ് എഴുതിയിരിക്കുന്നത്. അവന് 18 കഴിയാതെ അവിടെ നിന്നും ഇറങ്ങിക്കൊടുക്കാന്‍ സൗകര്യമില്ല. അതിനിടയില്‍ ഞാന്‍ വീട് വെക്കുമായിരിക്കും.

കിച്ചു താമസിക്കാന്‍ വരുമ്പോള്‍ എല്ലാം ശരിയാക്കി കൊടുക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അവന്‍ ഇപ്പോഴും ലീവിന് വരുമ്പോള്‍ അവിടെയാണ് താമസിക്കുന്നത്. എപ്പോള്‍ നന്നാക്കി കൊടുക്കുന്നു എന്നത് പുള്ളിയുടെ ഇഷ്ടമല്ലേ, അതേക്കുറിച്ച് പറയാനൊന്നും എനിക്ക് താല്‍പര്യമില്ല. മക്കള്‍ക്ക് വീട് നല്‍കിയതിന് നന്ദിയുള്ളവളാണ് ഞാന്‍ . പക്ഷേ, ചില കാര്യങ്ങള്‍ പറയേണ്ട സമയം വന്നതുകൊണ്ടാണ്. ചോര്‍ന്നതു കൊണ്ടാണ് പറഞ്ഞത്. വീട് മോശമാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രേണു സുധി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button