‘മോഹൻലാൽ കഴിഞ്ഞാൽ ഹ്യൂമർ ചെയ്യാൻ അയാൾ മാത്രമേയുള്ളൂ’; കാരണം പറഞ്ഞ് സംവിധായകൻ

അടുത്തിടെ തീയേറ്ററുകളിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കളക്ഷനും ചിത്രം നേടുന്നുണ്ട്. 600 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രം റിലീസാകുന്നത്.
വലിയ ഹൈപ്പൊന്നുമില്ലാതെ സർവ്വം മായ തീയേറ്ററുകളിലെത്തിയിട്ടും ഷോകളുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന ഫഹദ് ഫാസിൽ ചിത്രത്തിനുശേഷമാണ് അഖിൽ സത്യൻ സർവ്വം മായ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ അഖിൽ സത്യൻ നിവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
കുട്ടിത്തമാണ് നിവിന്റെ പ്രത്യേകതയെന്നും മോഹൻലാൽ സാർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രമാണെന്നാണ് അഖിൽ സത്യൻ പറഞ്ഞത്. മോഹൻലാൽ കഴിഞ്ഞാൽ അങ്ങനെ ഹ്യൂമർ ചെയ്യാൻ നിവിൻ മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാൻ എഴുതിവെച്ചതിനേക്കാളും ഒരുപടി മുകളിലാണ് സർവ്വം മായയിൽ നിവിൻ ചെയ്തുവെച്ചിരിക്കുന്നത്. മീറ്റർ മാറ്റിയിരുന്നു, നിവിനാണ് മീറ്റർ മാറ്റിക്കോട്ടേയെന്ന് ചോദിച്ചത്. ആദ്യഷോട്ടിൽ തന്നെ ഞാൻ അറിയാത്ത പ്രഭേന്ദുവിനെയാണ് നിവിൻ തന്നത്.
അതുതന്നെ ചിത്രത്തിലുടനീളം നിവിൻ കൊണ്ടുപോയി. നിവിനാണ് ആദ്യമായി എന്നെ സിനിമ ചെയ്യാൻ വിളിക്കുന്ന താരം. നിവിന്റെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉടനേയൊന്നും സിനിമ ചെയ്യില്ലായിരുന്നു. ആ കോളിൽ നിന്നാണ് ‘പാച്ചു’വിന്റെ കഥാതന്തു ഉണ്ടാവുന്നത്. ‘പാച്ചു’ എഴുതി പൂർത്തിയാക്കിയത് നിവിന് വേണ്ടിയാണ്. അവസാന നിമിഷമാണ് നായകൻ ഫഹദ് ആയി മാറിയത്’- അഖിൽ സത്യൻ പറഞ്ഞു.അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരാണ് സംഗീതം. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയുടെ നിര്‍മാണം നിർവഹിച്ചത് ഫയര്‍ഫ്‌ളൈ ഫിലിംസാണ്.



