Cinema

വിജയ്‌യുടെ അവസാന ചിത്രത്തിന് കേരളത്തില്‍ പ്രേക്ഷകാവേശമുണ്ടോ? ‘ജനനായകന്‍’ അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെ നേടിയത്

കേരളത്തില്‍ ഏറ്റവും ആരാധകരുള്ള തമിഴ് താരമാണ് വിജയ്. അതിനാല്‍ത്തന്നെ വിജയ് ചിത്രങ്ങളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നുമാണ് കേരളം. വിജയ് ചിത്രങ്ങള്‍ നേടുന്ന ഓപണിംഗ് പലപ്പോഴും കേരളത്തില്‍ ഒന്നാമതായിരുന്നു. എമ്പുരാന്‍ എത്തുന്നതിന് മുന്‍പ് കേരളത്തിലെ ബിഗസ്റ്റ് ഓപണിംഗ് വിജയ്‍യുടെ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പേരില്‍ ആയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ അവസാന ചിത്രമായ ജനനായകന്‍റെ ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. ഇന്നലെയാണ് ചിത്രത്തിന്‍റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചത്.

ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് ചിത്രം കേരളത്തില്‍ റിലീസ് ദിനത്തിലേക്ക് ഇതിനകം നേടിയിരിക്കുന്ന കളക്ഷന്‍ 55 ലക്ഷം രൂപയാണ്. ആദ്യം ലിമിറ്റഡ് സ്ക്രീനുകളില്‍ മാത്രമേ ചിത്രം ഓപണ്‍ ആയിരുന്നുള്ളൂ. അതിനാല്‍ത്തന്നെ ആദ്യ കണക്കുകളാണ് ഇത്. കേരളത്തില്‍ വിജയ് ചിത്രങ്ങള്‍ നേടിയ ഏറ്റവും മികച്ച ഓപണിംഗ് ഡേ അഡ്വാന്‍സ് സെയില്‍ ലിയോയുടെ പേരില്‍ ആയിരുന്നു. 8.81 കോടി ആയിരുന്നു അത്. ദി ഗോട്ട് ആണ് രണ്ടാം സ്ഥാനത്ത്. 3.78 കോടി ആണ് ഗോട്ട് ആദ്യ ദിനത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം നേടിയിരുന്നത്. 9-ാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. എട്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ എത്ര നേടുമെന്ന് കാത്തിരുന്ന് കാണാം.

അതേസമയം കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റേതായി നേരത്തെ പ്രഖ്യാപിച്ചിരുന്ന 4 മണി ഷോ നടക്കില്ലെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു. ആറ് മണിക്ക് ആയിരിക്കും കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍. വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ബിസിനസിലും വലിയ നേട്ടം സ്വന്തമാക്കുന്നുണ്ട് ഈ ചിത്രം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റത് 78 കോടി രൂപയ്ക്ക് ആണ്.

ഈ രംഗത്തെ മുന്‍നിരക്കാരായ ഫാര്‍സ് ഫിലിംസ് ആണ് റൈറ്റ്സ് നേടിയിരിക്കുന്നത്. ഒരു വിജയ് ചിത്രത്തിന് ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. ഇതില്‍ ഏറ്റവും അധികം ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ലഭിച്ചിരിക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ്. 25 കോടിക്കാണ് അവിടുത്തെ വില്‍പ്പന. മലേഷ്യയിലെ വിതരണാവകാശം 12 കോടിക്കും സിംഗപ്പൂരിലെയും ശ്രീലങ്കയിലെയും വിതരണാവകാശത്തിന് 6.5 കോടിയുമാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button